KeralaLatest News

ഉരച്ചുനോക്കി ഉറപ്പ് വരുത്തി, ഗുരുവായൂരപ്പന്റെ ലോക്കറ്റ് സ്വർണം തന്നെ: തെറ്റിദ്ധാരണ വന്നത് പണയം എടുക്കാഞ്ഞതിനാൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽനിന്ന് വാങ്ങിയ സ്വർണലോക്കറ്റ് മുക്കുപണ്ടമാണെന്ന പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. മറിച്ച് പ്രചരിപ്പിച്ചയാൾ ദേവസ്വം ഭരണസമിതിക്കും പോലീസിനും മുന്നിൽ മാപ്പു പറഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കെ.പി. മോഹൻദാസാണ് ഗുരുവായൂരിലെത്തി മാപ്പുപറഞ്ഞത്. ഇയാൾ വാങ്ങിയ ലോക്കറ്റ് ഗുരുവായൂരിലെ രണ്ടു ജൂവലറികളിലും സ്വർണത്തിന്റെ ഗുണമേൻമ പരിശോധിക്കുന്ന കുന്നംകുളത്തുള്ള സർക്കാർ അംഗീകൃതസ്ഥാപനത്തിലും പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പാക്കി.

മാത്രമല്ല, അത് 22 കാരറ്റ് സ്വർണമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ലഭിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. സർട്ടിഫിക്കറ്റ് മാധ്യമങ്ങൾക്കും പോലീസിനും മുന്നിൽ ദേവസ്വം പ്രദർശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് 13-നായിരുന്നു രണ്ടു ഗ്രാമിന്റെ സ്വർണലോക്കറ്റ് 14,200 രൂപ നൽകി മോഹൻദാസ് വാങ്ങിയത്. ഇത് പിന്നീട് അമ്പലപ്പാറ അർബൻ ബാങ്കിൽ പണയംവെക്കാൻ ചെന്നപ്പോൾ അവിടെ ഉരച്ചുനോക്കി വ്യാജ സ്വർണമാണെന്ന് അറിയിച്ചെന്നാണ് മോഹൻദാസ് പറയുന്നത്.

മറ്റൊരു സ്ഥലത്തു കൊണ്ടുപോയപ്പോഴും വ്യാജസ്വർണമാണെന്നു പറഞ്ഞ് ലോക്കറ്റ് തിരിച്ചുനൽകിയെന്നും മോഹൻദാസ് പറയുന്നുണ്ട്. തുടർന്ന് ഇക്കാര്യം മോഹൻദാസ് പ്രചരിപ്പിച്ചു. തനിക്ക്‌ മാനഹാനിയുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും കാണിച്ച് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകുകയും ചെയ്തു. ഇതു പ്രകാരമാണ് ചൊവ്വാഴ്ചത്തെ ദേവസ്വം ഭരണസമിതിയിലേക്ക്‌ മോഹൻദാസിനെ വിളിച്ചുവരുത്തിയത്. സ്വർണം വ്യാജമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അയാൾ.

എന്നാൽ, ലോക്കറ്റ് സ്വർണമാണെന്ന് ബോധ്യപ്പെടുത്താൻ ദേവസ്വം അപ്രൈസറെ വിളിപ്പിച്ച് മോഹൻദാസിന്റെ മുന്നിൽവെച്ചുതന്നെ ആദ്യം പരിശോധിച്ചു. പിന്നീട് പൂർണമായും വിശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നു ജൂവലറികളിൽ കൊണ്ടുപോയത്. എന്നിട്ടും ബോധ്യപ്പെടാൻ പരാതിക്കാരൻ മടിച്ചു. അതോടെ ദേവസ്വം പോലീസിൽ വിവരമറിയിച്ചു. ഗുരുവായൂർ എ.സി.പി. സി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മോഹൻദാസിനെ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യംചെയ്തു. പോലീസും രേഖകൾ പരിശോധിച്ച് ലോക്കറ്റ് സ്വർണമാണെന്ന് ഉറപ്പുവരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button