ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാലമായ രാമസേതു അഥവാ ആഡംസ് ബ്രിഡ്ജിന്റെ സമ്പൂര്‍ണ്ണ ഭൂപടം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. നാസയുടെ ഉപഗ്രഹമായ ICESat-2 ല്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് മാപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ധനുഷ്‌കോടി മുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍ വരെ നീണ്ടുനില്‍ക്കുന്ന പാലമാണ് രാമസേതു എന്ന ആഡംസ് ബ്രിഡ്ജ്. ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മിതമായ ഒരു തിട്ടയാണിതെന്നാണ് പറയപ്പെടുന്നത്.
Read Also: ദുരന്തം വിതച്ച് അതിതീവ്രഇടിമിന്നല്‍, ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് മരിച്ചത് 30 പേര്‍
പാലത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് പൊന്തിനില്‍ക്കുന്നുമുണ്ട്. അതേസമയം ഹൈദരാബാദിലേയും ജോധ്പൂരിലേയും നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ഗവേഷകര്‍ നാസയുടെ ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു. പാലത്തിന്റെ 99.98 ശതമാനവും അധികം ആഴമില്ലാത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ കപ്പലുകളുപയോഗിച്ച് ഇവിടെ ഗവേഷണം നടത്തുക സാധ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
കൂടാതെ രാമസേതുവിന്റെ അടിയിലായി 11ല്‍ പരം നീര്‍ച്ചാലുകളും കണ്ടെത്തിയിരുന്നു. 2 മുതല്‍ 3 മീറ്റര്‍ വരെ ആഴമുള്ള നീര്‍ച്ചാലുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. മാന്നാര്‍ ഉള്‍ക്കടലിനും പാക് കടലിടുക്കിനും ഇടയില്‍ ഇവ സ്വതന്ത്രമായി ഒഴുകുന്നതായും കണ്ടെത്തിയിരുന്നു. തമിഴ്നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പ്രദേശമാണ് രാമസേതു.
രാവണ രാജ്യമായ ലങ്കയില്‍ നിന്ന് സീതയെ രക്ഷിക്കാനായി രാമന്റെ നേതൃത്വത്തിലുള്ള വാനരസൈന്യം കടലിന് കുറുകെ നിര്‍മ്മിച്ച പാലമാണ് രാമസേതു എന്നാണ് രാമായണത്തില്‍ പറയുന്നത്. എഡി ഒമ്പതാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ നാവികര്‍ ഈ പാലത്തെ ‘സേതു ബന്ധായ്’ അഥവാ കടലിന് കുറുകെയുള്ള പാലം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1480ലെ ശക്തമായ കൊടുങ്കാറ്റില്‍ തകരുന്നത് വരെ പാലം സമുദ്രനിരപ്പിന് മുകളിലായിരുന്നുവെന്നാണ് രാമേശ്വരത്ത് നിന്നുള്ള ക്ഷേത്ര രേഖകളില്‍ പറയുന്നത്.
Post Your Comments