കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നായ പെരുമൺ ദുരന്തം നടന്നിട്ട് ഇന്ന് 36 വർഷം. 1988 ജൂലൈ 8‑ന് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ— കന്യാകുമാരി ഐലൻറ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. 105 ജീവനുകളാണ് അന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്. ആ വലിയ ദുരന്ത കാഴ്ചകളുടെ നീറുന്ന് ഓർമ്മകൾ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അപകട കാരണം ഇപ്പോഴും നിഗൂഢമാണ്.
ടൊർണാടോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്ന വിശദീകരണം ദുരന്തത്തിൽ കൊല്ലപ്പെട്ട 105പേരുടെ കുടുംബാംഗങ്ങൾ മാത്രമല്ല, കേരള ജനതപോലും ഇന്നും വിശ്വസിച്ചിട്ടില്ല. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56നായിരുന്നു സംഭവം. 81 കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിൻ പാലത്തിലെത്തിയപ്പോൾ ബോഗികൾ കായലിലേക്ക് മറിയുകയായിരുന്നു.
അപകടകാരണം കണ്ടെത്താൻ രണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടും ടൊർണാഡോ തന്നെയാണ് കാരണമായി പറഞ്ഞത്. ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ് ഐലന്റ് എക്സ്പ്രസ് എത്തിയിരുന്നത്. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന് സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച് പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ് നിയമം.
എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ് പറയപ്പെടുന്നത്. ഐലന്റ് എക്സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു.നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ അന്ന് രക്ഷിക്കാൻ കഴിഞ്ഞത്.
Post Your Comments