KeralaLatest News

അറസ്റ്റിലായവരുടെ മൊഴികളിൽ നിറയെ വൈരുദ്ധ്യം: കല കൊലക്കേസിൽ ആകെ ആശയക്കുഴപ്പം

ആലപ്പുഴ: മാന്നാർ കല കൊലക്കേസിൽ പൊലീസിന് മുന്നിലുള്ളത് നിരവധി വെല്ലുവിളികൾ. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ നൽകുന്ന മൊഴികളിലെ വൈരുദ്ധ്യവും മൃത​ദേഹം കണ്ടെത്താനാകാത്തതുമാണ് അന്വേഷണത്തിൽ വിലങ്ങുതടിയാകുന്നത്. പൊലീസിന് ലഭിച്ച സൂചനകളുടെയും അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നില്ല.

കൂട്ടുപ്രതികൾ അറിയാതെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ മൃത​​ദേഹം മാറ്റിയതാകാം എന്ന നി​ഗമനത്തിലാണ് പൊലീസ്. ഇതാകട്ടെ, സംഭവം നടത്ത് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ മലയാളത്തിലെ രണ്ട് തുടർസിനിമകളുടെ കഥയുമാണ്.

കൊലപാതകം എന്ന് നടന്നുവെന്നോ മൃതദേഹം എന്തു ചെയ്തുവെന്നോ സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. സിനിമാ കഥയുമായി കോടതിയിലേക്ക് ചെല്ലാനുമാകില്ല. കൃത്യം സംബന്ധിച്ച് അറസ്റ്റിലായ മൂന്നു പേരും പറയുന്ന മൊഴികളിൽ സാരമായ വൈരുദ്ധ്യമുണ്ട്. സാക്ഷിക്കും എന്നാണ് കൊലപാതകം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതൊക്കെയാണ് അന്വേഷണത്തിൽ പൊലീസ് നേരിടുന്ന വെല്ലുവിളി. കേസിലെ ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്താൽ മാത്രമേ കേസന്വേഷണത്തിൽ ഇനി പുരോ​ഗതിയുണ്ടാകു.

പ്രതികൾ മൂന്ന് പേര് കസ്റ്റഡിയിൽ ഉണ്ടെങ്കിലും കല കൊലപാതകത്തിലെ അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണ്. ശാസ്ത്രീയ തെളിവുകളുടെ ആഭാവമുള്ള കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കും എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

കലയെ കൊന്ന ദിവസം പോലും കൃത്യമായി രേഖപ്പെടുത്തനായിട്ടില്ല. പെരുമ്പുഴ പാലത്തിന് സമീപത്ത് വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികൾക്കും സാക്ഷികൾക്കും ദിവസം ഓർമ്മയില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനെല്ലാം ഉത്തരം കിട്ടയിതിന് ശേഷമായിരിക്കും പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുക.

ഒന്നാം പ്രതി അനിലിന്റെ അടുത്ത സുഹൃത്തുക്കളേയും ചോദ്യം ചെയ്യുകയാണ്. മാന്നാർ സ്വദേശിയായ ഒരാളെ ഇന്നലെ നെടുംങ്കണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ട് വന്നിരുന്നു. അനിലിനെയും അടുത്ത ദിവസം തന്നെ നാട്ടിൽ എത്തിക്കുമെന്നാണ് സൂചന. കലയുടെ ഭിന്നശേഷിക്കാരനായ സഹോദരന്റെയും മൊഴി എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button