Latest NewsKerala

മദ്യപിച്ച്‌ വാഹനമോടിച്ച് പിടിയിലായ ക്വാറിഉടമ മാസപ്പടിയുടെ കണക്ക് വിളിച്ചുപറഞ്ഞു: ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സ്ഥലംമാറ്റം

അടൂർ: മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായ ക്വാറി ഉടമ പൊലീസിന് നല്‍കുന്ന മാസപ്പടിയുടെയും സംഭാവനയുടെയും കണക്ക് വിളിച്ചു പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടി ഉണ്ടായി. അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ്.ഐയാണ് ക്വാറി ഉടമയെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ കൊണ്ടു വന്നത്.

കൊണ്ടു വന്ന സ്ഥിതിക്ക് അനന്തര നടപടികള്‍ കൂടി പൂര്‍ത്തിയാക്കി കേസ് എടുക്കേണ്ടതായി വന്നു. ഇയാളുമായി അടുത്തു പരിചയമുള്ള ഉദ്യോഗസ്ഥര്‍ ഒക്കെ തന്നെ കേസ് ഒഴിവാക്കി വിടുന്ന കാര്യത്തില്‍ നിസഹായരായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ക്വാറി ഉടമ താന്‍ പൊലീസുകാര്‍ക്ക് നല്‍കുന്ന കാശിന്റെ കണക്ക് വിളിച്ചു പറഞ്ഞത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇയാളോട് വിശദമായ കണക്ക് ആരായുകയും ചെയ്തുവത്രേ.

പൊലീസുകാര്‍ക്കും സ്‌റ്റേഷനിലും മാസപ്പടിയായും സംഭാവനയായും നല്‍കുന്ന പണത്തിന്റെ കണക്കാണ് ഇദ്ദേഹം പറഞ്ഞത്. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഡിവൈ.എസ്.പി ഇയാളുടെ ചെലവില്‍ അടൂരിലെ വാടക വീട്ടില്‍ താമസിക്കുന്ന കാര്യവും വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. കേസ് ഒഴിവാക്കുന്നതിന് വേണ്ടി ഈ ഡിവൈ.എസ്.പിയും ഇടപെട്ടിരുന്നു. നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞത്.

ക്വാറി ഉടമ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. താന്‍ പൊലീസിന്റെയും പാര്‍ട്ടിയുടെയും അടുത്തയാളാണെന്ന് ഇയാള്‍ കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ തന്നെ പറഞ്ഞിരുന്നു. പൊലീസ് പാര്‍ട്ടിയിലുണ്ടായിരുന്നവര്‍ക്ക് പരിചയമില്ലാതെ പോയതാണ് ഇയാള്‍ക്ക് വിനയായത്.

ജില്ലയില്‍ നാലു സ്‌റ്റേഷനുകളില്‍ നിന്നായി ആറു പോലീസുദ്യോഗസ്ഥരെ എസ്.പി അടിയന്തിരമായി സ്ഥലം മാറ്റി. ഭരണപരമായ സൗകര്യങ്ങളുടെ പേരിലാണ് സ്ഥലം മാറ്റമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ മറ്റു ബന്ധങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന. രണ്ടു എ.എസ്.ഐമാരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇന്നലെയാണ് ഉത്തരവ് പുറത്തു വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button