അഹമ്മദാബാദ്: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നതിന് പിന്നാലെ ഗുജറാത്തിലും വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിലാണ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടമുണ്ടായത്. മേല്‍കൂരയുടെ മുകളില്‍ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാന്‍ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. യാതക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സംഭവത്തില്‍ സിവില്‍ എവിയേഷന്‍ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേല്‍ക്കൂര താഴെയുണ്ടായിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ടാക്‌സി ഡ്രൈവറാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും സി ഐ എസ് എഫും എന്‍ ഡി ആര്‍ എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും ശക്തമായ മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Post Your Comments