തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ലഭിച്ചത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ. മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സമിതി യോഗത്തിന് ശേഷം റവന്യൂ മന്ത്രി അറിയിച്ചു. ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുണ്ട്.
എങ്ങും കോരിച്ചരിയുന്ന മഴയാണ് പെയ്യുന്നത്. മിക്കയിടങ്ങളിലും നിര്‍ത്താതെയുള്ള പെയ്ത്താണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ലഭിച്ചത് 69.6 മില്ലീമീറ്റര്‍ മഴയാണ്. അതായത് ഈ സീസണിലെ ഏറ്റവും കൂടിയ മഴ. അതില്‍ ഏറ്റവും കൂടുതല്‍ മഴ പെയതത് കോട്ടയത്താണ്. 103 മില്ലീമീറ്റര്‍.എല്ലാ ജില്ലകളിലും അലര്‍ട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പുമുണ്ട്.
മോശം കാലാവസ്ഥയും കാറ്റും കാരണം ഇന്നും നാളെയും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അരുവിക്കര. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പമ്പാ, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ നിന്ന് മുന്‍കരുതലിന്‍രെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കിവിടുന്നു.
ജില്ലകളില്‍ എന്‍ഡിആര്‍എഫ് ടീമിനെ നിയോഗിച്ചു. മലയോര മേഖലയില്‍ രാത്രി യാത്രകള്‍ നിരോധിക്കും. പ്രാദേശിക തലത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം രൂപീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലയിലും ഒരു കോടി രൂപ ദുരന്തനിവാരണ ഫണ്ട് അനുവദിച്ചു. ആവശ്യമായ ക്യാമ്പുകള്‍ തുടങ്ങാം. ജില്ലകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി സെന്റര്‍ തുടങ്ങും. ആശങ്ക വേണ്ട ജാഗ്രത തുടരണണെന്നുമാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം.
Post Your Comments