തിരുവനന്തപുരം: ക്വാറി ഉടമയായ ദീപുവിന്റെ കൊലപാതകത്തില്‍ സുഹൃത്ത് അറസ്റ്റിൽ. നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളി എന്ന സജികുമാരാണ് പോലീസ് പിടിയിലായത്. ഇയാൾ മരിച്ച ദീപുവിന്റെ അടുത്ത സുഹൃത്തെന്ന് പൊലീസ്.
ആക്രി വ്യാപാരിയാണ് ഇപ്പോൾ സജികുമാര്‍. പ്രതി കുറ്റം സമ്മതിച്ചെങ്കിലും കാറിൽ നിന്നും നഷ്ടപ്പെട്ട പണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ശേഷം മുങ്ങിയ അമ്പിളിയെ തമിഴ്‌നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
read also: വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത് വരൻ: സംഭവം മലപ്പുറത്ത്
കൊല്ലപ്പെട്ട ദീപുവിന്റെ സ്ഥിരം ഡ്രൈവറുടേയും ക്രഷര്‍ യൂണിറ്റിലെ അടുത്ത സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു. ഇതില്‍ നിന്നും ദീപുവും പ്രതി അമ്പിളിയും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു എന്ന് പൊലീസ് മനസിലാക്കി.
അമ്പിളി എന്ന സജികുമാര്‍ നേരത്തെ ഗുണ്ടാ നേതാവായിരുന്നു. പിന്നീട് ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗുണ്ടാപ്പണി നിര്‍ത്തി. ഇയാളുടെ വീട്ടുകാര്യങ്ങള്‍ക്കടക്കം ദീപു പണം നല്‍കി സഹായിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ ദീപുവിനെ എന്തിനാണ് അമ്ബിളി കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ തമിഴ്‌നാട് പൊലീസ് ആശയക്കുഴപ്പത്തിലാണ്.
ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മധ്യവയസ്‌കനും ശാരീരികമായി അവശതകളുമുള്ള പ്രതിക്ക് ആരോഗ്യവാനായ ദീപുവിനെ ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ കഴിയില്ലെന്നു പോലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് ദീപുവിനെ (45) കാറിനുള്ളില്‍ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments