KeralaLatest NewsIndia

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം: പ്രധാനമന്ത്രി കാശ്മീരിൽ യോഗാദിനാചരണ പരിപാടിയും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോ​ഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോ​ഗ’ എന്നതാണ് ഇത്തവണത്തെ യോ​ഗാദിനത്തിന്റെ പ്രമേയം.

രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്. യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്. യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.

2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദേശം. പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികൾ യോഗ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു. യോഗാഭ്യാസമെന്നാൽ നിലത്തുവിരിച്ച പായക്കുമേൽ നമ്മൾ ചെയ്യുന്ന ഏതാനും ചില ആസനങ്ങളുടെ മാത്രം പേരല്ല. അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്. വർഷം ചെല്ലുന്തോറും സ്വദേശത്തും വിദേശത്തും യോഗയ്ക്ക് പ്രിയം ഏറി വരിക മാത്രമാണ്.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ജമ്മു കാശ്മീർ സന്ദർശന പരിപാടിയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 21 ന് ശ്രീനഗറിൽ നടക്കുന്ന യോഗ പരിപാടിയ്ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും. ഒപ്പം 80 ലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ദാൽ തടാകത്തിൻ്റെ തീരത്ത് നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രിയ്ക്കൊപ്പം 7,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button