
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ രാജ്ഭവന്‍ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. മദ്യ വില്‍പന നടത്തിയ ഗോവിന്ദരാജ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.
ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്സിങ് മീനയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Post Your Comments