കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അയൽവാസി. വേലായുധന്റെ അയൽവാസി സീന ആണ് സമീപത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപും ഇത്തരത്തിൽ തൊട്ടടുത്ത പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ അതെടുത്ത് മാറ്റിയതായും ഇവർ പറയുന്നു. സംഭവം ആരോടും പറയാതിരുന്നത് ഭയന്നിട്ടാണെന്നും സഹികെട്ടാണ് തുറന്നു പറയുന്നത് എന്നും ഇവർ പറയുന്നു.
ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു. കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.
സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തരപ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബോംബ് സ്ഫോടനം സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്കും ഏരിയ കമ്മിറ്റിയ്ക്കും എല്ലാം അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദത്തപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ ആണ് ബോംബ് നിർമാണം. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണോ സ്ഫോടനം എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്വാധീനമുള്ള ക്രിമിനലുകളാണ് കണ്ണൂരിലുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവർ ഇപ്പോൾ സ്വർണ്ണക്കടത്തിന് പോകുന്നു. പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ചെങ്കൽ ഖനനം നടക്കുന്നു. കണ്ണൂരിനെ അശാന്തിയിലേക്ക് തിരിച്ചു കൊണ്ട് പോകാൻ സിപിഎം ശ്രമിക്കുന്നു. പാർട്ടിയിലെ അന്ത:ഛിദ്രം മറച്ചു വെയ്ക്കാനാണ് സ്ഫോടനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഫോടനം പാർട്ടി തീരുമാന പ്രകാരം ആണോ എന്നും ആരാണ് ഇതിനു പിന്നിൽ എന്നും അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments