KadhakalLiteratureWriters' Corner

‘സാറേ .. ഞാനിറങ്ങുകയാ .. സന്തോഷ് സാര്‍ വന്നോ, നൈറ്റ് ഡ്യൂട്ടിയ്ക്ക് ..?’—- പ്രഷര്‍ കുക്കര്‍ (കഥ )

സജയന്‍ എളനാട്

ചൂട് കൂടിക്കൂടി വരുന്നു , താഴെ നിന്നുള്ള തീ കൊണ്ട് മാത്രമല്ല , ഉള്ളിലെ തിളച്ചു മറിയലുകളില്‍ നിന്നുള്ള ആവി കൊണ്ട് കൂടിയാണ് . അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകുന്നത് സ്വയമല്ല , എങ്കിലും രക്ഷപ്പെടാനുള്ള വഴി കിട്ടുമോ എന്നത് തിരയുന്നു . അധികമാകുമ്പോള്‍ ഒരു ദീര്‍ഘ നിശ്വാസം പോലെ മുകളിലെ ഇടുങ്ങിയ വഴിയിലൂടെ പ്രാണന്‍ മാത്രം കടന്നു പോകുന്നു . അവസാനമാകുകയാണ് . അതിനിടയിലും കൂടെ മരിയ്ക്കാറായ ഒരാള്‍ മറ്റൊരാളോട് ചോദിയ്ക്കുന്നു .

“ ഇതില്‍ നിന്നു രക്ഷപെടലിലില്ലെ ..? നിസ്സംഗതയോടെ മറ്റെയാള്‍ മറുപടി പറയുന്നു ..
” ഇല്ല ..വന്നു പെട്ടാല്‍ പിന്നെ മോചനമില്ല ..”
“ എന്താ അര്‍ഷാദ് സാറേ പ്രഷര്‍ക്കുക്കര്‍ ഇതേ വരെ കണ്ടിട്ടില്ലേ ..?
പിന്നില്‍ നിന്നു വന്ന ആ ചോദ്യം മാത്രമല്ല , സ്റ്റൌവ്വിലിരുന്ന് പൊടുന്നനെ വിസിലടിച്ച പ്രഷര്‍ക്കുക്കറും ഞെട്ടിച്ചു .

“ ഹെയ് ..ഞാന്‍ വെറുതെ ..”
മരണത്തിന്റെ വക്കില്‍ നിന്നു ജീവിതത്തിലേയ്ക്കുള്ള നടത്തമെന്നത് പോലെ യാണ് , ചില ഓര്‍മ്മകളില്‍ നിന്നു മടങ്ങി പോകുന്നത് .
ജീവിതത്തില്‍ തുടരുക എന്നത് മറ്റ് ചില ഓര്‍മ്മകളുടെ തുടര്‍ച്ചകളും മാത്രമാണ് .

“ സാറേ .. ഞാനിറങ്ങുകയാ .. സന്തോഷ് സാര്‍ വന്നോ , നൈറ്റ് ഡ്യൂട്ടിയ്ക്ക് .. ?”
അമ്മിണി ചേച്ചിയുടെ ശബ്ദം വീണ്ടും വന്നു , ഭക്ഷ്ണം പാചകം ചെയ്തു വെച്ചു അവര്‍ ഇറങ്ങുകയാണ് ..
“അവന്‍ വരും .. എന്നിട്ട് വേണം എനിയ്ക്ക് പോകാന്‍ .. “
“ എന്നാല്‍ ഞാന്‍ കുറച്ചു പുഴമീന്‍ കറി കൊണ്ട് വന്നിട്ടുണ്ട് .. അത് നിങ്ങളുടെ റൂമില്‍ വെച്ചിട്ടുണ്ട് .. കുറച്ചേ ഉള്ളൂ .. എടുക്കാന്‍ പറയണം ..”

ചിലര്‍ , ചിലത് ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് ഒരു പ്രതീക്ഷകളോ മുന്നറിയിപ്പോ ഇല്ലാതെയാകും എന്നതാണല്ലോ ജീവിതം കാത്തു വെക്കുന്ന അത്ഭുതങ്ങള്‍ .
അയാള്‍ .. സന്തോഷ് അങ്ങിനെയാണ് .

ഒരാക്സിഡന്‍റ് കേസ് , ശ്രദ്ധിയ്ക്കാതെ വഴി മുറിച്ച് കടന്നു പോയപ്പോള്‍ വാഹനം ഇടിച്ചെതെന്ന് മൊഴിയും സമ്മര്‍ദവും .. പക്ഷേ ഭര്‍ത്താവില്ലാതെ രണ്ടു ചെറിയ പെണ്‍ മക്കള്‍ക്കായി കൂലി വേല ചെയ്യുന്ന , ഒരിടപെടലും നടത്താനാളില്ലാത്ത ഒരു സ്ത്രീയ്ക്ക് വേണ്ടി അയാള്‍ നിലകൊണ്ടു . നിയമം കൊണ്ട് ചെയ്യാനാകുന്നത് എല്ലാം ചെയ്തു . നടക്കാനാകുന്നത് വരെ സ്വന്തം പോക്കറ്റില്‍ നിന്നു ഒരു തുക മാസം കൊണ്ട് പോയി കൊടുത്തു . ഇടിഞ്ഞു വീഴായാറായ വീട് താമസയോഗ്യമാക്കി കൊടുത്തു , അത് ചെയ്യുമ്പോള്‍ എല്ലാവരോടും പറഞ്ഞു , തരുന്നവര്‍ താ ..ഇല്ലെങ്കിലും ഞാന്‍ ചെയ്യും എന്ന വാക്കില്‍ കഴിയുന്നവരൊക്കെ കൊടുത്തു . ഒടുവില്‍ ഈ കുശിനിപ്പണിയും . ഇടതു കാലിലെ ആക്സിഡന്‍റ് കൊണ്ടുണ്ടായ മുടന്ത് , പോലെ സന്തോഷും അവരുടെ ജീവിതത്തില്‍ ചേര്‍ന്നു . ഒരെണ്ണം സങ്കടമാകുമ്പോള്‍ മറ്റേത് സ്വാന്ത്വനമാകുന്നു .
അമ്മിണി ച്ചേച്ചി മുടന്തി നടന്നു പോകുന്നത് അയാള്‍ നോക്കി നിന്നു .

മുത്ത ശ്ശി കഥയിലെ രാജാവിന്റെ കൊട്ടാരത്തിലെ അത്ഭുത കാഴ്ചകളുടെ അവശേഷിപ്പ് പോലെ പഴയ ആ കെട്ടിടം , പുതിയ സ്റ്റേഷന്‍ മുന്നില്‍ പണിതപ്പോള്‍ ഓടിട്ട ആ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിയ്ക്കേണ്ടി വന്നു , ബാക്കിയായതിലാണ് അടുക്കള , അതിനോടു ചേര്‍ന്ന് ബാക്കിയായ ഒരു കുടുസ്സ് മുറി . അതില്‍ ഒരു തുണി ചാരു കസേര , പിന്നെ ഒരു പഴയ മര ബെഞ്ച്
പുതിയതെന്ന് പറയാന്‍ ഒരു ടേബിള്‍ ഫാന്‍ .

കുമ്മായം അടര്ന്ന് പോയ ദുരൂഹമായ ചിത്രങ്ങളോ അജ്ഞാതമായ ലിപികളോ എന്നു തിരിച്ചറിയാനാകാത്ത ചുമര്‍ . ചുമരില്‍ രണ്ടു ആണികള്‍ .
കൂട് വിട്ടു കൂടുമാറാന്‍ വസ്ത്രങ്ങള്‍ തൂക്കാനായിട്ടുള്ളത് . അതാണ് അയാളൂടെ ലോകം , അവിടേയ്ക്ക് മറ്റാര്‍ക്കും പ്രവേശനമില്ല .. തനിയ്ക്ക് മാത്രം .
അതേ താന്‍ അയാള്‍ക്കും അയാള്‍ തനിയ്ക്കും പ്രിയപ്പെട്ടവനായത് എന്തെന്ന് പലരും ചോദിയ്ക്കും ..പക്ഷേ അതിനൊരുത്തരം ക്യത്യമായി പറയാനാകില്ല

സര്‍പ്പം തൊലിയുരിഞ്ഞു പുതിയതാകുന്നത് പോലെയല്ല , പോലീസുകാരന്‍ സാധാരാണ വസ്ത്രം മാറ്റി യൂണീഫോം ധരിയ്ക്കുന്നത് . പഴയകാലത്ത് അധികാരത്തിന്റെ ആടായാഭരങ്ങള്‍ ധരിച്ചു കല്‍പ്പനകള്‍ പുറപ്പെടുവിക്കാനും നടപ്പിലാക്കാനും പോകുന്ന അധികാരിയാണെങ്കില്‍ ഇപ്പോഴത് സ്വന്തം മന:സാക്ഷിയും ആദര്‍ശവും കാഴ്ചപ്പാടുകളും മാറ്റി വെച്ചു നിസ്സഹായാനായി രൂപമാറ്റം ചെയ്യപ്പെടുന്ന ഒരാളാണ് . ആ ആണികളിലാണ് അവ ഓരോന്നും മാറി തൂങ്ങി പോകുന്നത് .
പകല്‍ ജി ഡി ഡ്യൂട്ടി കഴിഞ്ഞു , ഇനി നൈറ്റ് ഡ്യൂട്ടിക്കാരന്‍ വന്നു ജോയിന്‍ ചെയ്താല്‍ പോകാം , അത് സന്തോഷാണ് .

ഷര്‍ട്ട് ഊരി തൂക്കുന്നിതിനിടയിലാണ് ഫോണ്‍ ശബ്ദിച്ചത് , മകനാണ്
“ ഉപ്പ എത്തില്ലേ ..? കേക്ക് മറക്കില്ലല്ലോ ..”
“ ഇല്ലെടാ ..ഞാന്‍ ഇറങ്ങാണ് .”
“ അല്ല ഉമ്മ വിളീച്ചപ്പോള്‍ എടുത്തില്ലെന്ന് പറഞ്ഞു ..”
“ അതൊരു മൊഴിയെടുക്കലായിരുന്നു അപ്പോ ..”
16 വയസ്സുള്ള ഒരു പെണ്‍ കുട്ടിയെ കാണാന്‍ ഇല്ല , പോലീസുകാരന്റെ സ്ഥിരമായ ചോദ്യം അവരോടും ചോദിച്ചു ,

“ കുട്ടിയ്ക്ക് അറിവില്‍ പ്രണയം എന്തെങ്കിലും ..?
സ്ഥിരമായ മറുപടി അവരും പറഞ്ഞു
“ ഇല്ല , എന്റെ മകള്‍ അങ്ങിനെ ഒന്നും ചെയ്യില്ല .. എന്തോ അപകടമാണ് ..”
എത്രയോ കേട്ടിരിയ്ക്കുന്നു ..
മിസ്ഡ് കോളിലും സോഷ്യല്‍ മീഡിയയിലും വന്നു പെടുന്ന പലരോടൊപ്പമാണ് ജീവിതമെന്തെന്ന് അറിയാത്ത കുട്ടികള്‍ ഇറങ്ങി പോകുന്നത് .

അതിനിടയിലാണ് അവള്‍ വിളിച്ചത്.. ഭാര്യ ..
അവളുടെ ബര്‍ത്ത് ഡേയാണ് . മുന്‍പൊന്നും ഇല്ലാത്ത ആഘോഷങ്ങള്‍ കൊണ്ട് വന്നത് മക്കളാണ് . പക്ഷേ കുട്ടികളെക്കാള്‍ അവളത് കാര്യമാക്കിയെടുത്തിരിയ്ക്കുന്നു .
ഡ്യൂട്ടിയുടെ സ്വഭാവവും സന്തോഷിന്റെ സൌഹ്രദവും അവള്‍ക്കിപ്പോ മനസിലാകാതെയായിട്ടുണ്ട് . അതില്‍ അവള്‍ക്കേവിടേയോ സ്ഥാനം നഷ്ടപ്പെട്ടെന്ന തോന്നല്‍ ..അതിന്റ്റെ പരാതികള്‍ .
എല്ലാ ഫോണ്‍ കോളുകളും സംശയമായി

“ ആരാ ..?”
“ എന്താ ഈ നേരത്ത് ..?”
“ നിങ്ങള്‍ മാത്രമേ അവിടെ ജോലി ചെയ്യുന്നുള്ളൂ ..?”
“ എന്തിനാ ഈ മെസേജ് ..?”
“ അവര്‍ക്ക് നേരിട്ടു പോയ്ക്കൂടെ ..?”
“ എന്താ ഞാന്‍ കേട്ടാ ..?
“ എന്താ സന്തോഷിനോട് പിന്നെ വിളിയ്ക്കാമെന്ന് പറഞ്ഞത് ..?
ഞാന്‍ കേട്ടാല്‍ ശരിയാകില്ലല്ലേ ..?

മറ്റൊരാളോടും പറയാനാകാത്ത എത്രയോ കാര്യങ്ങള്‍ ജോലി സംബന്ധമായി വരും , വിളിയ്ക്കുന്നതില്‍ സ്ത്രീകളും പുരുഷന്‍മാരും ഉണ്ടാകും .
പലപ്പോഴും അനാവശ്യമായ ചോദ്യം ചെയ്യലുകളില്‍ ഈര്‍ഷ്യ തോന്നിയിട്ട് തിരിച്ച് ദേഷ്യപ്പെട്ടപ്പോള്‍ അത് സംശയത്തിന് ആക്കം കൂട്ടി . ആരെണോ എന്തൊന്നോ അറിയില്ലെങ്കിലും മറ്റൊരു ബന്ധമുണ്ടെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു . സന്തോഷ് അതിനു കൂട്ട് നില്‍ക്കുകയാണ് , അതാണ് അവനുമായുള്ള ബന്ധത്തിന്റെ ദൃഢത എന്നും .

സ്ഥാനക്കുറവ് എന്നു സ്വയം തോന്നുന്ന ഒരകല്‍ച്ച ഭാര്യമാര്‍ കാരണമായി കണ്ടെത്തുന്നത് മറ്റൊരു ബന്ധമുണ്ടെന്നതാണ് . ഒരു തരത്തിലും അത്തരത്തില്‍ ആരുമായും ബന്ധങ്ങള്‍ ഇല്ലാഞ്ഞിട്ടും അവള്‍ സംശയിച്ചു .

ഫോണ്‍ വീണ്ടും ശബ്ദിച്ചു , അവള്‍ ത്തന്നെയാണ് .. യൂണീഫോം ഷര്‍ട്ട് മാറ്റി രാവിലെ ഇട്ട ഷര്‍ട്ട് ആണിയില്‍ നിന്നെടുത്ത് ഇടുന്നതിനിടയില്‍ അതെടുത്തു .
“ ഇറങ്ങിയില്ലേ .. ? “
“ ഡ്രസ് മാറുന്നു ..”
“ അപ്പോ അമറിനോട് ഇറങ്ങി എന്നു പറഞ്ഞിട്ട് ..”
ഒന്നും പറഞ്ഞില്ല
“ ഹല്ലോ ..?”
“ ഞാന്‍ പറഞ്ഞല്ലോ ..ഡ്രസ് മാറിയെന്ന് , ഇനി അവന്‍ വന്നാല്‍ ഇറങ്ങും ..”
“ ആരാ “
“ സന്തോഷ് ..”
“ എന്റെ ബര്‍ത്ത് ഡേ എന്നു പറയണ്ട .. അയാള്‍ എങ്ങിനെയെങ്കിലും വരവ് മുടക്കും ..”
“ നീ ഒന്നു മിണ്ടാതിരിയ്ക്കൊ ..വെറുതെ ..”
“ നിങ്ങള്ക്ക് അയാളെക്കുറിച്ച് പറയുന്നതു ഇഷ്ടമല്ലല്ലോ .. എല്ലാത്തിനും സപ്പോര്‍ട്ട് ആണല്ലോ ..?”
ഫോണ്‍ കട്ട് ചെയ്തു ..

ഒട്ടും പരിചയമില്ലാത്ത ഒരു കാട്ടിലേയ്ക്ക് ഒരപരിചിതന്റെ കൂടെ നടന്നു കയറുന്നത് പോലെയാണ് ഒരു അനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് , അറിയാത്ത വഴികളിലൂടെ നടക്കാന്‍ പ്രേരിപ്പിയ്ക്കും , തെറ്റിപ്പിരിഞ്ഞു പുറം ലോകം കാണാതെ എവിടെയെങ്കിലും ഒറ്റപ്പെടും .
പാന്‍റ്സും മാറ്റി ധരിച്ചു ചാര് കസേരയില്‍ ഇരുന്നു ..

സന്തോഷിനെ ഡയല്‍ ചെയ്തപ്പോള്‍ അവന്‍ എടുത്തില്ല , ബൈക്കില്‍ വന്നു കൊണ്ടിരിയ്ക്കുകയാകും . വരും ..
മൂന്നു വര്ഷം കൂടുമ്പോള്‍ സ്റ്റേഷന്‍ മാറണം , പക്ഷേ അത് മുറപോലെ നടക്കുമെങ്കിലും ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അവന്‍ ഇവിടെ തിരിച്ച് വരും .

അമ്മ തനിച്ചാണ് , വയസ്സായി .. അടുത്തുള്ള ഒരു പെണ്കുട്ടി ഉണ്ട് സഹായത്തിന് എന്നാലും ഒരു വിളി വന്നാല്‍ ഓടി പോകാനാവുന്ന ദൂരത്തില്‍ ഉണ്ടാകണമെന്ന വന്റെ ആഗ്രഹം .
ട്രെയിനിങ് കാലം എല്ലാവരെയും കഷ്ടപ്പെടുത്തിയപ്പോള്‍ സന്തോഷിന് ഒരു വിഷമവും കണ്ടില്ല , 20 വയസ്സിലാണ് തനിയ്ക്ക് കിട്ടിയതെങ്കില്‍ അവന് 24 വയസ്സുണ്ടായിരുന്നു . “
“ പാടത്തായിരുന്നൂടാ ഞാന്‍ , പിന്നെ പറമ്പിലും .. അതോണ്ട് ഇതൊക്കെ വലിയ പ്രശ്നമല്ല .”
4 ആങ്ങളമാര്‍ക്കൊരു പെങ്ങളായിരുന്നു അമ്മ , ആ തെണ്ടി വിറ്റു നശിപ്പിച്ചു , കുറേ സ്ഥലങ്ങളും അമ്മയുടെ കുറെ സ്വര്‍ണ്ണവും , കണ്ട പെണ്ണുങ്ങള്‍ക്ക് കൊടുത്ത് തീര്‍ത്തു , ഒടുവില്‍ അമ്മയ്ക്ക് വയ്യാതായപ്പോള്‍ ഞങ്ങളെ ഇട്ടിട്ട് പോയി ..”
“ആരാ .. ?”
“എന്റെ തന്ത “
“ഇത്രയും അമ്മാവന്‍മാര്‍ ഉണ്ടായിട്ടും ..?”

“ പോലീസ്കാരനായിരുന്നു .. കഴിവും പ്രതാപവും ഉണ്ടെങ്കിലും അവര്‍ക്ക് അയാളെ പേടിയും ബഹുമാനവുമായിരുന്നു ..പോയപ്പോള്‍ പോട്ടെ എന്നു പറഞ്ഞു .. അവരാ നോക്കിയത് ഞങ്ങളെ ..”
“ എന്നിട്ടും നീ പോലീസ്സായി “
“ഒരു പോലീസ്കാരനായത് കൊണ്ട് അയാള്‍ എന്തായിരുന്നോ അതാകരുത് , ഒരിയ്ക്കരും ചെയ്യരുത് എന്നു ഉറപ്പിയ്ക്കാന്‍ ..”
ട്രെയിനിങ്ങ് അവസാനം മലപ്പുറത്ത് നിന്നു രാമവര്‍മ്മ പുരം ക്യാമ്പില്‍ വന്നപ്പോള്‍ രാത്രി മതില് ചാടാന്‍ അവന്‍ വിളിയ്ക്കും , അവന്റെ കൂട്ടുകാര്‍ അപ്പുറത്ത് ബൈക്ക് കൊണ്ട് വന്നു വെയ്ക്കും , പുറത്തു പോകും , ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കും .. കുറച്ചു പേരുണ്ടാകും അപ്പോഴും കൂടെ ..
ഇന്നും ഒരാള്‍ക്കൂട്ടം ഒറ്റയ്ക്ക് നിയന്ത്രിയ്ക്കാന്‍ അവന്‍ മതി ഒരുത്സവത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ അവന്‍ ചെന്നിറങ്ങിയാല്‍ തന്നെ ഒതുങ്ങും. പരിചയക്കാരുടെ കൂട്ടമാകും മിക്കതിലും .. മുതിര്‍ ന്ന ഓഫീസര്‍ മാര്‍ക്ക് അവനോടു ഒരു മതിപ്പും ഇഷ്ടവുമുണ്ട് .. അത് കൊണ്ട് കൂടിയാണ് സ്ഥലംമാറ്റങ്ങള്‍ അവനെ ബാധിയ്ക്കാത്തത് .
എന്തിനാണ് അവനെക്കുറിച്ച് ഇത്രയും ചിന്തിയ്ക്കുന്നത് , അതും ഇപ്പോള്‍ ..?
പകലും രാത്രിയും ഇന്ന് ജിഡി യാണ് . നാളെ കാലത്താണ് ഡ്യൂട്ടി മാറ്റി ക്കൊടുത്ത് വിശ്രമം കിട്ടൂ , സന്തോഷിനോട് രാത്രി നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ സമ്മതിച്ചു ഒരു അത്യാവശ കാര്യമുണ്ടെന്ന് പറഞ്ഞാലും പലരും സമ്മതിയ്ക്കില്ല , അവന്‍ ഒന്നും ചോദിയ്ക്കാതെ തന്നെ സമ്മതിച്ചു . ഇന്ന് പോകാന്‍ കഴിയുന്നത് പോലും അവന്റെ സ്നേഹം കൊണ്ടാണ് . അത് വീട്ടിലുള്ളവര്‍ക്ക് അറിയില്ല .
റൈറ്ററോട് പറഞ്ഞു , ഡ്യൂട്ടി മാറ്റി .

അവളുടെ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത് അവനോടു പറയേണ്ടതാണ് ..
പക്ഷേ .. പറഞ്ഞില്ല .. അവന്‍ അറിഞ്ഞാല്‍ ഡ്യൂട്ടി കഴിഞ്ഞ് വരും .. എന്തെങ്കിലും സമ്മാനങ്ങളും കൊണ്ട് വരും . അത് അവര്‍ക്കിഷ്ടപ്പെടില്ല .
പറയാത്തതില്‍ ഒരല്‍പ്പം വിഷമം ഉണ്ട് , മറ്റൊന്നുമല്ല . അങ്ങിനെ ചെയ്യേണ്ട ഒരാള്‍ അല്ല അവന്‍ എന്നത് തന്നെ .. അതാവാം ഈ ചിന്തകള്‍ ഇങ്ങിനെ ..

ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാനായി പോയതാണ് , അമ്മയുടെ കൂടെ കഴിയ്ക്കും , സത്യത്തില്‍ കഴിയ്പ്പിയ്ക്കും , അല്ലെങ്കില്‍ അവര്‍ കഴിയ്ക്കില്ല ,മരുന്നുകളും .
ട്രയിനിങ് കഴിഞ്ഞതിന്റെ ഉടനെ കല്യാണം കഴിച്ചയാളാണ് താന്‍ , ഒരു മാറ്റക്കല്ല്യാണം ..
“നീ കഴിയ്ക്കെടാ , നിനക്കൊരു നല്ല ഭര്‍ത്താവും ബാപ്പയും ആകാന്‍ പറ്റും, നിന്റെ ബാപ്പ നിങ്ങള്ക്ക് വേണ്ടി ജീവിച്ച് മരിച്ചയാളാണ് .. ഞാനത് അനുഭവിച്ചിട്ടില്ല , പിന്നെ അതിന്റെ കാര്യം , അമ്മയുടെ .. അത് ചിലപ്പോള്‍ ബുദ്ധിമുട്ടാകും ..വരുന്ന പെണ്ണിന് അമ്മ ഒരു ഭാരമായാലോ ..?
അവന്‍ ധൈര്യം തന്നു .. ബാപ്പയുടെ ക്യാന്‍സറിന്‍റേ അവസാന നാളുകളില്‍ മാത്രമല്ല , കല്ല്യാണത്തിന് , മക്കള്‍ ഉണ്ടായപ്പോള്‍ , അനിയത്തിയുടെ കല്ല്യാണത്തിന് , അവരൂടെ മക്കളുടെ ചടങ്ങുകളുടെ കാര്യത്തിന് , കാശ് മാത്രമല്ല , സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യം , ഏതൊരു ബന്ധുക്കളെക്കാള്‍ കൂടുതല്‍ കൂടെ നിന്നത് അവനാണ് .
സര്ക്കാര്‍ ജോലി അതും പോലീസുകാരന്‍ എന്നത് ത്തന്നെയാണ് , സാമ്പത്തികമായി ഉയര്‍ന്ന് നിന്ന വീട്ടില്‍ നിന്നു ഇങ്ങോട്ടും അങ്ങോട്ടും ഒരു ബന്ധമുണ്ടായത് .

“താഴെയുള്ള രണ്ടു പെങ്കുട്ടികളും വലുതായി , നീയേ ഉള്ളൂ “എന്ന ഉമ്മയുടെ വാക്കുകള്‍ക്ക് അപ്പുറം ഒന്നുമില്ലായിരുന്നു . ഉമ്മ എല്ലാ പേരക്കുട്ടികളെ കൂടി കണ്ടിട്ടാണ് പോയത് .
സന്തോഷിനെ പ്പറ്റി ഓര്‍ക്കാന്‍ അതിനെക്കാള്‍ വലിയ കാര്യങ്ങളാണ് നിലവില്‍ നടക്കുന്നതു എന്നു വീട്ടിലുള്ളവര്‍ക്ക് അറിയില്ല .
“ സാറേ രക്ഷിയ്ക്കണം ഞങ്ങളെ കൊല്ലുന്നൂ ..” എന്ന ഒരു സ്ത്രീയുടെ കരച്ചില്‍ സ്റ്റേഷന്‍ ഫോണില്‍ വന്നു , സ്ഥലത്തു എത്തുമ്പോഴാണ് , 19 വയസ്സുള്ള ഒരു പയ്യന്‍ സ്വന്തം അച്ഛനെ കത്തിയെടുത്ത് കയ്യിലും ദേഹത്തും കുത്തിയിട്ടുണ്ട് , അമ്മയെ മുടി ചേര്ത്ത് പിടിച്ച് അടിയ്ക്കുന്നു . കൂടിനിന്ന ആളുകള്‍ ആരും ആ ചെറിയ വീടിന്റെ പടി കടന്നു അകത്തേയ്ക്ക് കയറുന്നില്ല .

“ മദ്യമല്ല , മറ്റെന്തോ സാധാനമാ സാറന്മാരെ .. അവര്‍ തല്ല് കൊണ്ട് മടുത്തു ..രണ്ടും പണിയ്ക്ക് പോയിട്ടാ അവന് കാശ് കൊടുക്കുന്നതു .. ചോദിയ്ക്കുന്നത് കിട്ടിയില്ലെങ്കില്‍ അവന്‍ ..
സന്തോഷ് പടി കടന്ന് കയറി , കയറുമ്പോള്‍ അവന്‍ പറഞ്ഞു .. “ ആ …മോനേ ഞാനെടുക്കും .. അവന്‍ എന്നെ എന്തു ചെയ്താലും നീ വരരുതു .. “ .

സംയമനത്തോടെ എത്ര പറഞ്ഞിട്ടും അവന്‍ അനുസരിച്ചില്ല , ഒരു നിമിഷം അവന്‍ അമ്മയുടെ തലമുടി വിട്ടപ്പോള്‍ സന്തോഷ് അവനെ കയറിപ്പിടിച്ചു . അവന്‍ സന്തോഷിന്റെ കഴുത്തില്‍ പ്പിടിച്ചു . ലഹരിയുടെ ശക്തിയില്‍ അവന്റെ പിടിയില്‍ , ആരോഗ്യമുണ്ടെങ്കിലും സന്തോഷ് ഒന്ന് പതറുന്നത് കണ്ടതെ ഓര്‍മ്മയുള്ളൂ .. അവിടെ കിടന്ന ഒരു വടിയെടുത്ത് അവന്റെ തലയില്‍ അടിച്ചു . അടി തോളിലാണ് കൊണ്ടത് . അവന്‍ വിട്ടതും സന്തോഷ് അവനെ തള്ളി മറിച്ചിട്ട് മുതുകില്‍ കയറി ഇരുന്നു . ചെന്നപ്പാടെ അവന്റെ മുണ്ട് അഴിച്ചു കാലിലും കയ്യിലും കെട്ടി , ചെകിടത്ത് പൊട്ടിച്ചു . ആ അച്ഛനെയും അമ്മയെയും ഹോപ്സിടലില്‍ കൊണ്ട് പോകാന്‍ നാട്ടുകാരോട് പറഞ്ഞു അവനെ കൊണ്ട് വന്നു .

പക്ഷേ സോഷ്യല്‍ മീഡിയയില്‍ അവനെ തല്ലുന്നതും കൈകാല്‍ കെട്ടുന്നതും ചെകിടത്ത് അടിയ്ക്കുന്നതുമേ വന്നതുള്ളൂ .. പോലീസ്സ് ക്രൂരമായി പെരുമാറുന്നതും ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയും വാര്‍ത്തയായി . ഓരോ തവണ ഷെയര്‍ ചെയ്യുമ്പോഴും പോലീസിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് കൂടുതല്‍ വന്നത് . ആ പയ്യന്‍ ഒരു പാര്‍ട്ടിയുടെ യുവജന മുഴുവന്‍ സമയ പ്രവര്‍ത്തകനായി . അച്ഛനും അമ്മയ്ക്കും പരാതി യില്ലാതെയായി .
കമ്മീഷ്ണര്‍ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു .
“ കാര്യമൊക്കെ മനസിലായി പക്ഷേ , പൊളിറ്റിക്കല്‍ പ്രഷര്‍ , സര്‍ക്കാരിന്റെ മുഖം രക്ഷിയ്ക്കണം ..തത്ക്കാലം അന്വേഷണം നടന്നാലും ഒരു സസ്പ്പെന്‍ഷന്‍ തരേണ്ടി വരും ..”
“എനിയ്ക്ക് തന്നു അര്‍ഷാദിനെ ഒഴിവാക്കി കൂടെ .?
എന്ന സന്തോഷിന്റെ ചോദ്യത്തിന് ഒരല്‍പ്പം ദേഷ്യത്തോടെ “ തനിയ്ക്ക് സസ്പ്പെന്‍ഷന്‍ മതിയാകും , ഇയാളുടെ പണി പോകാതെ നോക്ക് ..അയാളാ അടിയ്ക്കുന്നത് വീഡിയോയില്‍ “
എന്ന മറുപടി കേട്ടതോടെ ഒന്നും മിണ്ടിയില്ല .
കണ്ണു നിറഞ്ഞു ഇറങ്ങുമ്പോള്‍ സന്തോഷ് പറഞ്ഞു .
“ പിന്നെ ഒന്നു പോകാന്‍ പറയേടാ ..പണി ഒന്നും പോകില്ല .. സസ്പ്പെന്‍ഷന്‍ ..സാരമില്ല .. നിനക്കു ബുദ്ധിമുട്ട് ഉണ്ടാകില്ല ..ഞാന്‍ ഇല്ലേ ..”
വാര്ത്തകള്‍ നിറഞ്ഞെങ്കിലും വീട്ടില്‍ അമര്‍ കൂടെ നിന്നു .. അവന്റെ ഒരു കൂട്ടുകാരന്റെ വീട് , ആ സംഭവം നടന്ന വീടിന്റെ അടുത്തുണ്ട് .
അവനു കാര്യങ്ങള്‍ എല്ലാം അറിയാം . അവന്‍ മകനോടു പറഞ്ഞു .
. “ നിന്റെ ഉപ്പ പുലിയാടാ .. അത് ചെയ്തില്ലെങ്കില്‍ ആ പോലീസ് കാരനെയും ആ തെണ്ടി കൊന്നേനെ ..”
ആ സംഭവം അമറിന്റെ പോലീസ് മോഹം കൂട്ടി . കുട്ടിക്കാലത്തെ അവന്‍ എല്ലാവരോടും പറയുന്നതു അവന് പോലീസ് ആകണം എന്നതാണ് .
പ്ലസ്ടു കഴിഞ്ഞതോടെ അവന്‍ കോണ്‍സ്റ്റബിള്‍ ടെസ്ട് എഴുതി , പക്ഷേ ഫിസിക്കല്‍ കിട്ടിയില്ല . 5 ടെസ്റ്റില്‍ 4 എണ്ണമെ കിട്ടിയിള്ളൂ .
എപ്പോഴും ആ മോഹം വേണ്ടാ എന്നു സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും അവന്‍ സമ്മതിയ്ക്കാറില്ല . അതിനിടയില്‍ ഏതോ കൂട്ടുകാരന്‍ പോലീസിലുള്ള ആരോ സഹായിച്ചു 5 ടേസ്റ്റില്‍ 3 എണ്ണമെ ചെയ്തത് പോലും ഉള്ളൂ എന്ന കാര്യം കേട്ടപ്പോള്‍ അവനും ഉമ്മയും നിശ്ചയിച്ചു . ഇത് ഉപ്പയുടെ കളിയാണ് . ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ കിട്ടിയേനെ .. അതിലവന് ഒരല്‍പ്പം ദേഷ്യമുണ്ട് . സത്യത്തില്‍ താത്പര്യമില്ലാത്തതിനാലും ആരുടേയും കാല് പിടിയ്ക്കാന്‍ വയ്യാഞ്ഞിട്ടും അടുപ്പമുള്ള ഒന്നു രണ്ടു പേരോട് മാത്രം അവനെ പറ്റി സൂചിപ്പിച്ചപ്പോള്‍
“ എന്തിനാടോ ഈ പണിയ്ക്ക് അവനെ ..”
എന്ന മറുപടിയാണ് കിട്ടിയത് . സന്തോഷ് വീട്ടില്‍ വന്നു അവനോടും ഭാര്യയോടും സംസാരിച്ചു . “ പഴയ കാലമല്ല .. എന്തു നല്ലത് ചെയ്താലും കുരിശ്ശാ ഈ പണിയ്ക്ക് .. വിദേശത്ത് എവിടെയെങ്കിലും പഠിയ്ക്കാന്‍ പോകാന്‍ ശരിയാക്കാം ..”
മകനെ നാട്ടില്‍ നിന്നൊഴിവാക്കാന്‍ കൂട്ടുകാരനെ വിട്ടു സംസാരിച്ചതാണ് എന്നവള്‍ പറഞ്ഞു . അത് സന്തോഷിനെ വെറുക്കാന്‍ ഒരു കാരണം കൂടിയായി
ഒന്നു രണ്ടു ദിവസങ്ങളില്‍ സസ്പ്പെന്‍ഷന്‍ തീരുമാനമുണ്ടാകും.. അതുണ്ടാകും.
ചൂട് കൂടി കൂടി വരുന്നത് അറിഞ്ഞു ..
ഉള്ള് തിളച്ചു മറിയുന്നു .
ആലോചിച്ച് ഒരു സമാധാനവുമില്ല .
ഫോണ്‍ ബെല്ലടിച്ചു
ചിന്തകളില്‍ നിന്നുണര്‍ന്നു
അമറാണ്
“ ഉപ്പാ ..ഇറങ്ങിയില്ലേ .. “
“ ഇല്ലടാ ..അവന്‍ എത്തിയിട്ട് ..”
സന്തോഷ് അങ്കിള്‍ വന്നിട്ടില്ല .. അവന്‍ അപ്പുറത്തേയ്ക് പറയുന്നു
“അയാള്‍ വരില്ല .. ഉപ്പയെ വിടില്ല “
ഭാര്യയുടെ ശബ്ദം കേള്‍ക്കാം
“ഉപ്പാ ..ഉമ്മച്ചിയ്ക്ക് വിഷമമാകുന്നുണ്ട് ..വേഗം വാ “
“ആ … വരാം “
കട്ട് ചെയ്തു .
അവള്‍ അത് തീരുമാനിച്ചു വെച്ചിരിയ്ക്കാണ് , സന്തോഷ് വരില്ല
പോകണം , വെറുതെ ഇത്രയും സ്നേഹമുള്ള ഒരാളെ വെറുക്കാന്‍ കാരണങ്ങള്‍ കൂട്ടരുത്
സന്തോഷിനെ ഡയല്‍ ചെയ്തു
എടുത്തതെ ഒരു കരച്ചില്‍ കേട്ടു
“ ഡാ അമ്മ .. ഞാന്‍ ഹോസ്പിറ്റലിലാ .. അമ്മയ്ക്ക് വയ്യാതായി വിളിച്ചിട്ട് മിണ്ടിയില്ല“
ഞെട്ടലോടെ കേട്ടു
ഇടറിയ ശബ്ദം മാറ്റി സന്തോഷ് പറഞ്ഞത്
“ ഞാന്‍ വിളിയ്ക്കാം .. എന്തോ ഇനി അധികം സമയമില്ലെടാ അമ്മയ്ക്ക് എന്നു തോന്നുന്നു .. ആ പിന്നെ ഇന്നത്തെ നൈറ്റ് നീ തന്നെ നോക്കുമോ ..? ഞാന്‍ സാറിനെ വിളിച്ച് പറയാം ..”
“ ആ ഞാന്‍ നോക്കാടാ ..ഒന്നുമുണ്ടാകില്ല ..നീ വിളിയ്ക്ക് ..എന്താവശ്യമുണ്ടായാലും ..”
ഫോണ്‍ കട്ടായി
അടിയില്‍ നിന്നുള്ള ചൂട് , ആവിയായി മുകളില്‍ നിന്നും പടരുന്നു .
ഒപ്പം പൊങ്ങി താഴ്ന്നു പോകുകയെ വഴിയുള്ളൂ , മറ്റൊന്നും ചെയ്യാന്‍ കഴിയില്ല .
ഒരു നിമിഷത്തെ നിര്‍വികാരത , അത് ഒന്നു തൊട്ട് കടന്നു പോയി
ഷര്‍ട്ട് മാറി യൂണിഫോം എടുത്തിട്ടു
അവളെയും മകനെയും വിളിച്ച് പറയാന്‍ ആദ്യം കരുതി
, പക്ഷേ അത് വെറുതെ ഉള്ള വിഷമം കൂട്ടും എന്നുറപ്പാണ്
ഒരു വോയിസ് മെസേജ് അയച്ചു
“ സന്തോഷ് ന്റ്റെ അമ്മ സീരിയസ്സായി ഹോസ്പിറ്റലിലാണ് , .. ഉപ്പയ്ക്കു നൈറ്റ് കയറണം .. ..നിങ്ങള്‍ ആഘോഷിയ്ക്ക് .. കേക്ക് അവിടെ എത്തി യ്ക്കാന്‍ പറയാം . “
എല്ലാവരും മുകളിലേയ്ക്ക് പോകുമ്പോള്‍ താന്‍ താഴേയ്ക്ക് ..തനിച്ചു .. തീ കത്തിക്കൊണ്ടിരിയ്ക്കുന്ന അടിയിലേയ്ക്ക് ..
സന്തോഷിന്റെ അമ്മയുടെ കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞിരുന്നു , ഫ്രന്‍റ് ഓഫീസില്‍ എത്തിയപ്പോഴേയ്ക്കും .
ഡ്യൂട്ടിയ്ക്ക് കയറിയപ്പോള്‍ അമറിന്റെ ഫോണ്‍ രണ്ടു മൂന്നു തവണ വന്നു
എടുത്തില്ല
ഒന്നു രണ്ടു തവണ കഴിഞ്ഞില്ല
നൈറ്റ് ഡ്യൂട്ടിയുടെ ഉത്തരവാദിത്വത്തിലേയ്ക്ക് കയറുക എന്നത് മരിച്ചു കഴിഞ്ഞു നരകത്തിലേയ്ക്ക് പോകുന്ന കഥകള്‍ കേള്‍ക്കുന്നത് പോലെയാണ് .
ഓരോ പരീക്ഷ്ണങ്ങള്‍ക്ക് വിധേയനായി കടന്നു പോകേണ്ടി വരും .
രാത്രികള്‍ മിക്കവാറും ഈ പ്രഷര്‍ക്കുറിന്റെ തീയൂടെ ഫ്ലയിം കൂട്ടിയിടും അപ്പോള്‍ തിളയ്ക്കുന്ന വേഗത കൂടും , വെന്തു തീരാനുള്ള സമയവും .
കാണാതാകുന്നവരെ കണ്ടു കിട്ടാനുള്ള പരാതികള്‍ , മദ്യപിച്ച് വന്നു കുടുംബത്തില്‍ ഉപദ്രവിയ്ക്കുന്നവരുടെ സങ്കടങ്ങള്‍ , പലപ്പോഴും അക്രമാസക്തരും നിസ്സഹായരാകുന്ന ഭാര്യമാരും മക്കളും .
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ,. ട്രെയിന് മുന്നില്‍ ജീവിതം അവസാനിപ്പിയ്ക്കുന്നവര്‍ . അങ്ങിനെ പലതും .
രണ്ടു കൂട്ടരും മദ്യപിച്ച് റോഡില്‍ എതിരെ വരുമ്പോള്‍ ഡിം ചെയ്തില്ല എന്നതില്‍ ഒരാള്‍ മറ്റൊരാളുടെ നേരെ പിടിയ്ക്കുകയും വണ്ടികള്‍ തമ്മില്‍ ചെറുതായി ഒരസുകയും അത് തര്‍ക്കമായി അടിയാകുകയും റോഡ് മുഴുവന്‍ ബ്ളോക്ക് ആകുകയും ചെയ്തപ്പോള്‍ രണ്ടു പേരെയും വണ്ടികളും സ്റ്റേഷനില്‍ കൊണ്ട് വന്നു തര്‍ക്കം നടക്കുന്നതിനിടയില്‍ ആണ് ആ കോള്‍ വന്നത് ,
സമയം 10 മണി കഴിഞ്ഞിരുന്നു .
ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരിയ്ക്കുന്ന മകളുടെ കൂട്ടുകാരന്റെ കൂടെ സ്വന്തം അമ്മ പോയി എന്നു പറഞ്ഞു കരഞ്ഞു നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളും അവരുടെ അച്ഛനും കൂടെ ചിലരും .
ഷെയര്‍ ഇട്ടു മദ്യപിച്ച് അളവില്‍ പറ്റിച്ചു എന്നു പറഞ്ഞു തല്ല് കൂടിയ 4 പേരും
അവിടെ ആ സമയത്തുണ്ട്
അത് കൊണ്ടാണ് എസ് ഐ സര്‍ പറഞ്ഞത്
“ അര്‍ഷാദും ഹോം ഗാര്‍ഡ് പ്രഭാകരനും കൂടി ഒന്നു പോയി നോക്കൂ ..എന്തെങ്കിലും കൂടുതല്‍ ഉണ്ടെങ്കില്‍ വിളീച്ചാല്‍ മതി .. ഇതൊക്കെ ഒന്നു തീര്‍ക്കട്ടെ ഞാന്‍ ..”

നാലഞ്ചു കിലോമീറ്റര്‍ അപ്പുറത്തായി എഴുപതോളം കുടുംബങ്ങള്‍ താമസിയ്ക്കുന്ന ഒരു കോളനി , അതിന്റെ നടുഭാഗത്തായി ഒരു കിണര്‍ ഉണ്ട് . അതില്‍ നിന്നാണ് ആവശ്യമായ വെള്ളം എല്ലാവരും എടുക്കുന്നത് . മിക്കവരും കൂലിപ്പണിക്കാരായതിനാല്‍ വൈകീട്ട് ജോലി കഴിഞ്ഞു വന്നു ഒരു പതിനൊന്നു മണി വരെ വെള്ളം എടുത്തു കൊണ്ട് പോകുകയും , ചിലര്‍ കുറച്ചപ്പുറത്ത് വന്നു തുണികള്‍ അലക്കുകയും ഒക്കെ ചെയ്യും . ആ സമയങ്ങളില്‍ സ്ത്രീകളാകും അവിടെ കൂടുതല്‍ .

പഴയ കാല നിര്‍മിതിയായ വലിയ ആ കിണര്‍ ഏകദേശം ആ വീടുകളുടെ നടുക്കാണ് . പഴക്കം ചെന്ന ചുടുകട്ടകള്‍ കൊണ്ട് കെട്ടിയ കൈവരിയില്‍ പിടിച്ച് താഴേയ്ക്ക് നോക്കിയപ്പോള്‍ ഒരുത്തന്‍ അതില്‍ ഇറങ്ങി കൈകെട്ടി എന്തോ ആലോചിച്ച് നില്‍പ്പാണ് . ഫയ്ര്‍ഫോഴ്സിലെ ആളുകള്‍ നേരത്തെ എത്തിയിട്ടുണ്ട് . റിട്ടയര്‍മെന്‍റ് പ്രായമായ സാമുവേല്‍ സാറും ഒരു മൂന്ന് ചെറൂപ്പക്കാരും .
“ ഇവിടെ രണ്ടു കുട്ടികളുള്ള , ഒരല്‍പ്പം പ്രായമുള്ള ഒരു സ്ത്രീയായി ബന്ധമുള്ള ഒരുത്തനാ ..ഇവിടുത്ത് കാരനല്ല .. മൂത്ത കഞ്ചാവാ .. ഇന്നേന്തോ അലമ്പായി അവരോട് ..അതിന്റെ വാശിയിലാ ..ഇറങ്ങിപ്പിടിയ്ക്കാന്‍ പറ്റില്ല .. അവന്‍ മുക്കി ക്കൊല്ലും ..
“ എന്തെങ്കിലും അനുനയത്തില്‍ പറഞ്ഞാല്‍ ..?”
ആ ചോദ്യത്തിന് മറുപടി പറയാതെ സാമുവേല്‍ എത്തി നോക്കി
അത് കണ്ടതോടെ
“ നിന്നോട് പറഞ്ഞില്ലേടാ ..പോകാന്‍ ..അവന്റെ അമ്മയുടെ ….. നോക്കുന്നത് ..”
സാമുവേല്‍ തല പിന്നിലേയ്ക്ക് വലിച്ചു
“ ഞാന്‍ സംസാരിച്ചതാണ് അര്‍ഷാദേ ..”
സാമുവേല്‍ നിസ്സഹായനായി

“ നീ കയറി വായോ ..നമുക്ക് സംസാരിയ്ക്കാം .. പോലീസാ ..വായോ “
“ പോലീസ്സാണെങ്കില്‍ എനിയ്ക്കെന്താ .. നീ പോടാ ..”
അര്‍ഷാദിന്റെ മുഖത്തേയ്ക്ക് സാമുവേലും പ്രഭാകരനും നോക്കി
ഒന്നും ചെയ്യാനാകില്ല എന്ന ഭാവം അതിലുള്ളത് കാണാം
ഫോണ്‍ ബെല്ലടിച്ചു
സന്തോഷാണ്
“ അമ്മ പോയെടാ .. “ അത് പറഞ്ഞതും കട്ടായി
എന്താ സാറേ .. എന്ന പ്രഭാകരന്റെ ചോദ്യത്തിന് സന്തോഷിന്റെ അമ്മ പോയി എന്നു പറഞ്ഞപ്പോള്‍ അയാള്‍ മുഖം കുനിച്ചു
പിന്നെ “ ഇതൊന്നുമാകാതെ .. ഒന്നു പോകണ്ടെ .. ?” എന്നു ചോദിച്ചു
സങ്കടവും ദേഷ്യവും ഒരുമിച്ച് വരുമ്പോള്‍ ചിലപ്പോള്‍ കണ്ണിനും ചിന്തയ്ക്കും ഇരുട്ട് കയറും , ആരെയെങ്കിലും അങ്ങോട്ട് കാണുന്നുണ്ടോ എന്നതല്ല , നമ്മളെ ആരൊക്കെ കാണുന്നുണ്ട് എന്നതാണ് ആദ്യം മറക്കുക
“ കയറി വാടാ .. ഇല്ലെങ്കില്‍ നിന്നെ കയറ്റാന്‍ ഞങ്ങള്ക്ക് അറിയാം ..”
അത് ഒരലര്‍ച്ചയായിരുന്നു
“ ഒന്നു പോടാ .. പൂ …മോനേ” എന്നവന്‍ താഴെ നിന്നു പറഞ്ഞത് കേട്ടു
കൈവരിയില്‍ ആഞ്ഞു ഒരിടിയിടിച്ചു , ഒരു വേള അര്‍ഷാദ് താഴേയ്ക്ക് ചാടുമെന്ന് പ്രഭാകരന് തോന്നി . അയാള്‍ അര്‍ഷാദിന്റെ കൈ പിടിച്ചു
“ നമ്മള്‍ എന്തു ചെയ്താലും , ഇവന് എന്തെങ്കിലും പറ്റിയാല്‍ ഇപ്പോ ഈ കൂടി നില്‍ക്കുന്നവര്‍ വരെ നമ്മളെ കുറ്റം പറയും .. നമ്മുടെ കുടുംബം പട്ടിണിയാകും “
സാമുവേല്‍ ഓര്‍മ്മിപ്പിച്ചു . ഒപ്പം “ നിങ്ങള്‍ക്ക് പിന്നേയും പോകാം ..ഞങ്ങള്ക്ക് ഇവനെ കയറ്റാതെ പോകാന്‍ പറ്റില്ല . പെന്‍ഷന്‍ ആകാറായി .. അത് കിട്ടില്ല ..”
കൂടെയുള്ള 3 പേരെ ചൂണ്ടി ,
“ഒരുത്തന്‍ കല്യാണം ഉറപ്പിച്ചിരിയ്ക്കാ , ഒരുത്തന്റെ കഴിഞ്ഞു രണ്ടു മാസമായിട്ടുള്ളൂ . ദാ അയാള്‍ക്ക് ഒരു കുട്ടിയുണ്ടായിട്ട് നൂല്‍ കെട്ട് കഴിഞ്ഞിട്ടില്ല .. ഇവനെ എന്തു ചെയ്യും ..? “
നില്‍വിലെ സസ്പ്പെന്‍ഷന്‍ സാഹചര്യം അറിയുന്നതു കൊണ്ടാവും , പ്രഭാകരന്‍ അര്‍ഷാദിനെ നോക്കി , അതില്‍ ഒന്നും വേണ്ടെന്ന ഒരു അറിയിപ്പ് ഉണ്ട് .
സ്റ്റേഷനിലേയ്ക്ക് വിളീച്ച് പറഞ്ഞത് പ്രഭാകരനാണ് , അവിടെ പ്രശ്നങ്ങള്‍ കൂടി വന്നിട്ടുണ്ട് , എന്തെങ്കിലും ചെയ്തു കയറ്റാന്‍ എസ് ഐ പറഞ്ഞു .
ഉടുമുണ്ട് അഴിച്ചു തലയില്‍ കെട്ടിയാണവന്‍ ഇപ്പോ നില്‍ക്കുന്നത് , ഇടയ്ക്കു വെള്ളത്തില്‍ നിന്നു ഉയര്‍ന്ന് വന്നു തന്റെ നഗ്നത കാണിച്ചു
“ വാടാ .. വന്നൊന്ന് …. താ “ എന്നു വിളീച്ചു പറയുന്നുണ്ട്
ഫോണ്‍ റിങ്ങ് ചെയ്തു ,അമര്‍ .. എടുക്കാതിരുന്നിട്ടും അത് തുടര്‍ന്ന് കൊണ്ടിരുന്നു
മനപ്പൂര്‍വമല്ലാതെ ദേഷ്യത്തില്‍ “ എന്താടാ .” എന്നു ചോദിച്ചു
അപ്പുറത്ത് അവന്റെ ശബ്ദം ശാന്തമായി തോന്നി
“ ഉപ്പ തിരക്കിലാണെങ്കിലും ഒരു മിനിറ്റ് .. “
“പറഞ്ഞോ ..”
“ കേക്ക് കട്ട് ചെയ്യാന്‍ വരാത്തതിന് ഇത്ര വിഷമിയ്ക്കണോ എന്നു ഞാന്‍ ഉമ്മച്ചിയോട് ചോദിച്ചു , അപ്പോഴാ ഉമ്മച്ചി കാര്യം പറഞ്ഞതും എനിയ്ക്ക് മനസിലായതും .. ഉപ്പയ്ക്ക് മറ്റൊരു ബന്ധമുണ്ടല്ലേ ..? അതാ താത്പര്യക്കുറവ് ..എനിയ്ക്ക് ഒരു ജോലി വാങ്ങിത്തരാന്‍ പോലും .. സാരമില്ല.. ഞാനാഗ്രഹം വിട്ടു .. ഉപ്പ .. ഉപ്പ സന്തോഷായിരിയ്ക്ക് ..ഒരിയ്ക്കലും ഇങ്ങോട്ട് വന്നു ബുദ്ധിമുട്ടാവണ്ട.. പിന്നെ ഞാന്‍ എങ്ങിനെയെങ്കിലും ഇവരെ നോക്കിക്കോളാം .. ഞങ്ങള്‍ ഒരു ഭാരമാകില്ല .. “
ഫോണ്‍ കട്ടായി
എത്ര നേരം പിടിച്ച് നിന്നിട്ടും രക്ഷപെടാന്‍ വഴികള്‍ തിരഞ്ഞു കൊണ്ടേയിരുന്നിട്ടും അതിന്റെ ആവശ്യമില്ല , അല്ലെങ്കില്‍ കഴിയില്ല . വെന്തേ പറ്റൂ .. എല്ലാം വെന്തു തീര്‍ന്നാലെ ചൂട് നിര്‍ത്തുകയുള്ളൂ , അപ്പോഴേ പ്രഷര്‍കുക്കര്‍ തണുക്കുകയുള്ളൂ , അപ്പോള്‍ മാത്രമേ തുറന്നു പുറത്തെടുക്കൂ . അപ്പോഴേ പുറത്തുള്ളവരുടെ വിശപ്പ് മാറൂ .
“ എന്താടാ നോക്കുന്നത് .. കയറി വരണോ .. എന്നാല്‍ നീ പോയി നിന്റെ ഭാര്യെനെയോ മകളെയോ ആരെയെങ്കിലും കൊണ്ട് വാ .. ഞാന്‍ ഇന്ന് വന്നപ്പോ അവള്‍ക്കും പറ്റില്ല , അവളുടെ മകള്‍ക്കും പറ്റില്ല .. കൊണ്ട് വന്നാല്‍ ഈ വെള്ളത്തില്‍ ഇട്ടു എനിയ്ക്ക് … “
സാമുവേലിനും പ്രഭാകരനും തടയാന്‍ പറ്റുന്നതിന് മുന്പേ അര്‍ഷാദ് ആ കിണറ്റിലേയ്ക്ക് ചാടി . ആദ്യം അവന്‍ കരുതിയിരുന്നത് മുകളിലേയ്ക്ക് കൊണ്ട് പോകാനാണ് എന്നാണ് . കഴുത്തില്‍ പിടിവീണപ്പോള്‍ അവനും തിരിച്ചു പിടിച്ച് പര്‍സ്പ്പരം മുറുക്കി . എന്നാല്‍ പിന്നീട് മനസ്സിലായി തന്നെ ആഴങ്ങളിലേയ്ക്ക് കൊണ്ട് പോകുകയാണെന്ന് .
അവര്‍ ഒരുമിച്ച് തിളച്ചു മറിഞ്ഞു ..
വെന്തു പാറും വരെ ..

shortlink

Related Articles

Post Your Comments

Related Articles


Back to top button