KeralaLatest News

പാലക്കാട്ട് കോൺഗ്രസ് കളത്തിലിറക്കുക രമേശ് പിഷാരടിയെ എന്ന് സൂചന: സ്റ്റാർ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം നിലനിർത്താൻ നീക്കം

പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചിരുന്നു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലിയിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയാൻ തീരുമാനിചത്തോടെ അവിടെ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി ഇറങ്ങുമെന്ന വാർത്തയും ഇന്നലെ പുറത്തുവന്നിരുന്നു.

ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കായിരുന്നു ഷാഫി മണ്ഡലത്തിൽ വിജയിച്ചത്. മെട്രോമാനായ ഇ ശ്രീധരനെ സ്ഥാനാർത്ഥിയാക്കി ബി ജെ പി മത്സരം കടുപ്പിക്കുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ശ്രീധരൻ മുന്നേറിയതോടെ മത്സരം ഫോട്ടോഫിനിഷിനേക്ക് കടന്നു. എന്നാൽ പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ വോട്ടിന്റെ സഹായത്തോടെ അവസാന നിമിഷം ഷാഫി വിജയം ഉറപ്പിച്ചു. 3,859 വോട്ടായിരുന്നു ഷാഫി ജയിച്ചത്. ഇത്തവണ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.

മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച സാഹചര്യത്തിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കണമെന്ന ചർച്ച കോൺഗ്രസിൽ ഉണ്ട്. ചേലക്കര മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് രാധാകൃഷ്ണന് ഉണ്ടായത്. മാത്രമല്ല മന്ത്രിയുടെ വാർഡിൽ മുന്നിലെത്താൻ രമ്യയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം അനുകൂലഘടകമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അതേവർഷം തന്നെ ആലപ്പുഴയിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. അത്തരമൊരു ചരിത്രം ഉണ്ടെന്നിരിക്കെ ആലത്തൂരിൽ പരാജയപ്പെട്ട രമ്യയെ ധൈര്യമായി തന്നെ ചേലക്കരിയിൽ മത്സരിപ്പിക്കാമെന്നാണ് നേതാക്കൾ പറയുന്നത്.

അതേസമയം പാലക്കാട് ഡിസിസിക്ക് രമ്യയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വം നൽകിയ നിർദ്ദേശം രമ്യ പരിഗണിക്കാതിരുന്നതാണെന്ന ആക്ഷേപമാണ് ഡിസിസി അധ്യക്ഷൻ ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ മറ്റൊരു നേതാവിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button