തൃശ്ശൂർ: കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി തോപ്പിൽ ബിനോയ് തോമസിന്റെ കുടുംബത്തിന് സഹായവുമായി സർക്കാർ. ബിനോയിയുടെ കുടുംബത്തിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. കൂടാതെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.
ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു.
ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലൈഫിൽ വീട് നൽകാനുള്ള മന്ത്രിയുടെ പ്രഖ്യാപനം. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്.
തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു. വിവരങ്ങൾ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.
Post Your Comments