KeralaLatest NewsIndiaInternational

കുവൈറ്റ് ദുരന്തം: ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണ സംഖ്യ 50 ആയെന്ന് കുവൈറ്റ് മാധ്യമങ്ങൾ

തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങൾ. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിക്കും. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.

45 മൃതദേഹങ്ങളുമാളുമായിട്ടാണ് വിമാനം കൊച്ചിയിലെത്തുക. 23 മലയാളികളുടെ മൃതദേഹങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.

നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. മന്ത്രി കെ രാജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നി‌ട്ടുണ്ട്. കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപിയും വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തിലെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.

തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.

ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button