Latest NewsKerala

മറന്നുവെച്ച ഫോണെടുക്കാൻ വള്ളത്തിലേക്ക് നീന്തുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കടലിൽ മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകന്‍ ഷാജി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു സംഭവം. മീന്‍ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കടലില്‍ നങ്കൂരമിട്ട വള്ളത്തില്‍ ഇയാൾ മൊബൈൽ മറന്നു വച്ചിരുന്നു. ഇതെടുക്കാൻ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

ബുധനാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് മീന്‍ പിടിക്കാന്‍ പുറപ്പെട്ട ഷാജിയും വള്ളത്തിന്റെ ഉടമസ്ഥനായ ജോസും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മീന്‍ പിടിത്തം കഴിഞ്ഞ് മടങ്ങിയെത്തി. വള്ളം കടലില്‍ നങ്കൂരമിട്ട് നിര്‍ത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു. ഇതിനിടയിലാണ് വള്ളത്തില്‍ ഫോണ്‍ മറന്ന് വച്ചതായി ഷാജിക്ക് മനസിലായത്. രാവിലെ പത്തോടെ വീണ്ടും വിഴിഞ്ഞത്ത് എത്തി. നങ്കൂരമിട്ട വള്ളത്തില്‍ കയറാന്‍ കടലില്‍ ഇറങ്ങി നീന്തിയ ഷാജി തിരികെയെത്തിയില്ല.

മത്സ്യബന്ധന സീസണ്‍ ആരംഭിച്ച വിഴിഞ്ഞത്ത് നൂറ് കണക്കിന് വള്ളങ്ങള്‍ നിരത്തിയിട്ടിരുന്നതിനാല്‍ ഇയാള്‍ കടലില്‍ മുങ്ങിയ വിവരം ആദ്യമാരുമറിഞ്ഞതുമില്ല. ഉച്ച വരെയും ഇയാളെ കാണാതെ വന്നതോടെയാണ് ബന്ധുക്കള്‍ തീരദേശ പൊലീസിനെ വിവരമറിയിച്ചതും തിരച്ചില്‍ ആരംഭിച്ചതും. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ ഫോണ്‍ മറന്നു വച്ച വള്ളത്തിന് സമീപത്ത് നിന്ന് വൈകുന്നേരം മൃതദേഹം കണ്ടെടുത്തു. അവിവാഹിതനാണ്. അഞ്ച് സഹോദരിമാര്‍ ഉണ്ട്. വിഴിഞ്ഞം തീരദേശ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button