തൃശ്ശൂര്‍ : തൃശ്ശൂര്‍ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കരാര്‍ ഒപ്പിട്ട 4 സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കില്‍ ചുമതലയേറ്റാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവില്‍ തിരുവനന്തപുരത്ത് തുടരുകയാണ്. കേന്ദ്രമന്ത്രിയാകാന്‍ സുരേഷ് ഗോപിയില്‍ ബിജെപി നേതൃത്വം സമ്മര്‍ദം ചെലുത്തുന്നതായാണ് വിവരം.
Read Also: നിങ്ങൾക്ക് കരൾ രോഗമുണ്ടോ എന്ന് തിരിച്ചറിയാൻ ഈ ലക്ഷണങ്ങളെ അറിയുക
കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ അംഗമെന്ന നിലയില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിര്‍ദേശിച്ചത്. രണ്ട് വര്‍ഷത്തേക്ക് സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാല്‍ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ചില ഇളവുകള്‍ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.
അതേ സമയം, മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കും. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവരെ ഇത്തവണയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. പ്രഹ്ലാദ് ജോഷിക്കും ജിതന്‍ റാം മാഞ്ചിക്കും മന്ത്രി സ്ഥാനം നല്‍കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകുന്നവര്‍ക്ക് അറിയിപ്പ് നല്കി തുടങ്ങിയിട്ടുണ്ട്. എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകില്ല. ഒരു ഘട്ടം കൂടി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
Post Your Comments