ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ. പ്രവേശന പരീക്ഷാ നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്ന സാഹചര്യത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഡിഎംകെ രംഗത്തെത്തിയത്. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സർക്കാരിനെ ഉപദേശിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
എം കെ സ്റ്റാലിൻറെ അധ്യക്ഷതയിൽ ചേർന്ന നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് പ്രമേയം പാസാക്കിയത്. നീറ്റ് പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ഡിഎംകെയുടെ രാജ്യസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പാർലമെൻറ് സമുച്ചയത്തിൻറെ സുരക്ഷയ്ക്കായി പാർലമെൻറ് സെക്യൂരിറ്റി സർവീസിന് (പിഎസ്എസ്) പകരം സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ (സിഐഎസ്എഫ്) ഉൾപ്പെടുത്താനുള്ള കേന്ദ്രത്തിൻറെ തീരുമാനത്തെ മറ്റൊരു പ്രമേയത്തിൽ അപലപിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടേതാണ് പാർലമെൻറ്. പൊതുസ്ഥലങ്ങളിലെയും പാർലമെൻറിലെയും സുരക്ഷാ ക്രമീകരണങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്.
പാർലമെൻറിലെ നിലവിലെ അംഗങ്ങളെയും മുൻ അംഗങ്ങളെയും തിരിച്ചറിയാനും ഇടപെടാനും പിഎസ്എസിന് പരിശീലനം ലഭിച്ചിട്ടുണ്ട്. ചുമതല സിഐഎസ്എഫിന് കൈമാറുന്നത് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പാർലമെൻറ് സമുച്ചയത്തിൽ നിന്ന് മഹാത്മാഗാന്ധിയുടെയും ബി ആർ അംബേദ്കറിൻറെയും പ്രതിമകൾ നീക്കം ചെയ്തതിനെ യോഗം അപലപിച്ചു.
പ്രതിമകൾ അതേ സ്ഥലത്ത് പുനഃസ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജിഎസ്ടിയിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തുന്നതിലും മെട്രോ റെയിൽ പദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നതിലും എയിംസ് കെട്ടിടം പണിയുന്നതിലും കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. കേന്ദ്ര പദ്ധതികളിലും റെയിൽവേ പദ്ധതികളിലും തമിഴ്നാടിന് അർഹതപ്പെട്ട വിഹിതം നൽകിയില്ല. തമിഴ് ജനതയെ കേന്ദ്രം രണ്ടാം തരം പൌരന്മാരായി കണക്കാക്കിയെന്നും യോഗം വിമർശിച്ചു.
Post Your Comments