Latest NewsKeralaNews

മുരളീധരന് ഞാന്‍ മുന്നറിയിപ്പ് കൊടുത്തതാണ്, അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചു: പത്മജ വേണുഗോപാല്‍

കൊച്ചി: തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തില്‍ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. ബിജെപിയിലേക്കെന്ന തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിഞ്ഞെന്നും മത്സരിക്കുന്നതിന് മുന്‍പ് തന്നെ കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ദയനീയമായ പരാജയമാണ് സ്വന്തം നാട്ടില്‍ മുരളീധരന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചവരുടെ പേരുകള്‍ ഡിസിസി ഓഫിസിനുമുന്നില്‍ ആളുകള്‍ എഴുതിവച്ചിട്ടുണ്ട്. സുരേഷ് ഗോപിയ്ക്ക് തൃശൂരുമായി രാഷ്ട്രീയത്തിന് അപ്പുറത്ത് ബന്ധമുണ്ടെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: കെ മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ ഇല്ല, മുരളിയേട്ടന്‍ എന്നുള്ള വിളി ഇനിയും തുടരും; സുരേഷ് ഗോപി

ആദ്യത്തെ താമര തൃശൂരില്‍ വിരിയുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു. ഇനിയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ താമരകള്‍ കേരളത്തില്‍ വിരിയുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. താമര ചെളിയില്‍ വിരിഞ്ഞെന്ന് പറഞ്ഞ് കളിയാക്കിയാലും ചെളിയെ നമ്മള്‍ മനസിലാക്കുന്നത് പോലും താമരയുടെ സൗന്ദര്യം കൊണ്ടാണെന്ന് പത്മജ തിരിച്ചടിയ്ക്കുന്നു. തൃശൂരിലെ ജനങ്ങള്‍ക്ക് നല്ല ബുദ്ധിയുണ്ട്. എനിക്ക് കയ്‌പ്പേറിയ അനുഭവങ്ങള്‍ തൃശൂരില്‍ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും വലിയ ആത്മബന്ധം കൂടിയുള്ള സ്ഥലമാണ് തൃശൂര്‍. സ്വന്തം നാട്ടില്‍ വല്ലാതെ പരാജയപ്പെട്ട്, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ മുരളീധരനുള്ള വേദന എനിക്ക് മനസിലാകും. ആ വേദന കൊണ്ടാകാം അദ്ദേഹം ഇന്നലെ അങ്ങനെ പ്രതികരിച്ചതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

ജാതി രാഷ്ട്രീയവും വെറുപ്പിന്റെ രാഷ്ട്രീയവും കളിക്കുന്നത് കോണ്‍ഗ്രസാണെന്ന് പത്മജ വിമര്‍ശിക്കുന്നു. തൃശൂരില്‍ ആര് മത്സരിക്കണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗമാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ടുവിഹിതം കുറയുമ്പോഴും കേരളത്തില്‍ ബിജെപിയ്ക്ക് വോട്ടുവിഹിതം ഓരോ തവണയും കൂടി വരികയാണെന്നും പത്മജ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button