കൊച്ചി: ദേശീയ ഫലം എന്തായാലും കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രകടനം കോൺഗ്രസിന് ആവർത്തിക്കാനാകുമോയെന്ന് അൽപ്പ സമയത്തിനകം അറിയാം. സംസ്ഥാനത്ത് മികച്ച ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം. മത്സരിച്ച 16 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും ജയം ഉറപ്പാണെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ പറയുന്നത്.
കൂടാതെ പാർട്ടിയുടെ ഉന്നത നേതാക്കന്മാരായ പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവരെല്ലാം സംസ്ഥാനത്ത് നിന്ന് ജനവിധി തേടുന്നുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 16 സീറ്റുകളിൽ മത്സരിച്ച് 15 ഇടത്തും വിജയിച്ച കോൺഗ്രസിന് 37.46 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 6.36 ശതമാനം വോട്ട് വിഹിതത്തിൽ വർധനവുണ്ടായി. 2014ൽ 15 സീറ്റുകളിൽ മത്സരിച്ച് എട്ടിടത്ത് വിജയിച്ച കോൺഗ്രസിന് ലഭിച്ചത് 31.10 ശതമാനം വോട്ടുകളായിരുന്നു.
സിപിഎമ്മിന്റെ പല കോട്ടകളും കടപുഴക്കിയ തെരഞ്ഞെടുപ്പായിരുന്നു 2019ലേത്, കോൺഗ്രസിന് ദേശീയ തലത്തിൽ തിരിച്ചടി നേരിട്ടപ്പോഴും കേരള ജനത കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. ഇത്തവണ ആ മണ്ഡലങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യവുമയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യകക്ഷികളായ ആർഎസ്പിയ്ക്ക് 2.46 ശതമാനം വോട്ടും കേരള കോൺഗ്രസിന് 2.08 വോട്ടുകളും ലഭിച്ചിരുന്നു. അന്ന് കേരള കോൺഗ്രസിന് വോട്ട് വിഹിതത്തിൽ ഇടിവുണ്ടായപ്പോൾ ആർഎസ്പിയ്ക്ക് വോട്ട് വർധിക്കുകയാണുണ്ടായത്.
Post Your Comments