തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also: വോട്ടെടുപ്പിനിടെ ബംഗാളില്‍ സംഘര്‍ഷം: ഇവിഎം കുളത്തിലെറിഞ്ഞു
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. കൂടാതെ തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, തൃശൂരില്‍ ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇക്കണ്ടവാര്യര്‍ റോഡ്, അക്വാട്ടിക് ലൈന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കനത്ത മഴയില്‍ മതിലകത്ത് വീട് തകര്‍ന്നു വീണു. മതിലകം പതിനൊന്നാം വാര്‍ഡില്‍ കഴുവിലങ്ങ് തോപ്പില്‍ ബാബുവിന്റെ ഓടിട്ട വീടാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകര്‍ന്നത്. സംഭവ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Post Your Comments