ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ പിച്ചില്‍ക്കുത്തി പന്തുയരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അമേരിക്കയിലെ ഡള്ളാസില്‍ ജൂണ്‍ രണ്ടിന് അമേരിക്കയും കാനഡയും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ക്ക് മണി മുഴങ്ങും.
2009ല്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തോല്‍പ്പിച്ച നെതര്‍ലന്‍ഡ്‌സ്, 2016ല്‍ വെസ്റ്റ് ഇന്ഡീസിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍, 2022ല്‍ ശ്രീലങ്കയെ അദ്യ റൗണ്ടില്‍ 55 റണ്‍സിന് തോല്‍പ്പിച്ച നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തവണയും കുഞ്ഞന്‍ രാജ്യങ്ങളുടെ മുന്നേറ്റം പ്രതീക്ഷിക്കാം
നേപ്പാള്‍
ആദ്യമായാണ് നേപ്പാള്‍ ടി20 ലോകകപ്പിന് യോഗ്യതനേടുന്നത്. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ സിങ്കപ്പൂരിനെയും മലേഷ്യയെയും തോല്‍പ്പിച്ച അവര്‍ ഒമാനോട് തോറ്റു. പക്ഷേ, നോക്കൗട്ടില്‍ കടന്നു. അപരാജിതരായിരുന്ന യു.എ.ഇ.യെ നോക്കൗട്ടില്‍ പരാജയപ്പെടുത്തി ഫൈനലില്‍ കയറിയെങ്കിലും സൂപ്പര്‍ ഓവറില്‍ ഒമാനോട് പരാജയപ്പെട്ടു. പക്ഷേ, ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. 21-ാം വയസ്സില്‍ നേപ്പാളിനെ നയിക്കുന്നത് ബാറ്റിങ് ഓള്‍റൗണ്ടറായ രോഹിതാണ്. ഇന്ത്യയുടെ യുവരാജ് സിങ്ങിന്റെ ഒരു ഓവറില്‍ ആറു സിക്‌സ് എന്ന റെക്കോഡിനൊപ്പമെത്തിയ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിങ്ങും അവരുടെ ബാറ്റിങ് കരുത്താണ്
അമേരിക്ക
ആതിഥേയരെന്നനിലയില്‍ ലോകകപ്പിലേക്ക് യോഗ്യതനേടിയതാണ് അമേരിക്ക. ക്രിക്കറ്റിലെതന്നെ അവരുടെ ആദ്യ ലോകകപ്പാണിത്. ഈ മാസം നടന്ന മൂന്ന് ടി20 മത്സരപരമ്പരയില്‍ ബംഗ്ലാദേശിനെതിരെ 2-1 ജയം സ്വന്തമാക്കിയാണ് അമേരിക്ക വരവറിയിച്ചത്. വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ മോണാങ്ക് പട്ടേലാണ് നായകന്‍
പപ്പുവ ന്യൂഗിനിയ
പപ്പുവ ന്യൂഗിനിയക്കിത് രണ്ടാം ലോകകപ്പാണ്. 2021-ലെ ലോകകപ്പ് കളിച്ച 10 പേരും ടീമിലുണ്ട്. കിഴക്കന്‍ ഏഷ്യ-പസഫിക് മേഖല ഫൈനലില്‍ കടന്നതോടെയാണ് പപ്പുവ ന്യൂഗിനിയ ലോകകപ്പിലേക്ക് യോഗ്യതനേടിയത്. സിംബാബ്വേയുടെ വിക്കറ്റ് കീപ്പറായിരുന്ന തതേന്ദ തയ്ബുവാണ് കോച്ച്.
ഉഗാണ്ട
ആദ്യമായാണ് അവര്‍ ലോകകപ്പ് കളിക്കാനെത്തുന്നത്. ആഫ്രിക്കന്‍ യോഗ്യതാറൗണ്ടില്‍ സിംബാബ്വേയെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ടാണ് യോഗ്യത നേടിയത്. കെനിയ, നൈജീരിയ അടക്കം ഏഴു ടീമുകള്‍ മാറ്റുരച്ച ആഫ്രിക്കന്‍ റൗണ്ടില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
കാനഡ
ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ സാദ് ബിന്‍ സഫറാണ് ആദ്യമായി ലോകകപ്പ് കളിക്കാനെത്തുന്ന കാനഡയുടെ ക്യാപ്റ്റന്‍. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ആരോണ്‍ ജോണ്‍സണും ഇടംകൈയന്‍ പേസര്‍ കലീം സനയുമാണ് പിന്നെയുള്ള കരുത്ത്.
നമീബിയ
ടൂര്‍ണമെന്റ് തുടങ്ങുംമുന്നേ ആകെയൊന്ന് ഞെട്ടിച്ച ടീമാണ് നമീബിയ. ടി20-യില്‍ ഈ വര്‍ഷം ആദ്യം അതിവേഗ സെഞ്ചുറികുറിച്ച അവരുടെ മുന്‍നായകന്‍ ലോഫ്റ്റി ഏറ്റണെ പുറത്തിരുത്തിക്കൊണ്ടായിരുന്നു അത്. നേപ്പാളിനെതിരേ 33 പന്തില്‍നിന്നായിരുന്നു ലോഫ്റ്റിയുടെ സെഞ്ചുറി. ഓള്‍റൗണ്ടര്‍ ജെറാര്‍ഡ് ഇറാസ്മസ് ആണ് നമീബിയയുടെ ക്യാപ്റ്റന്‍.
ഒമാന്‍
ടോപ്പ് ഓര്‍ഡര്‍ ബാറ്ററും സ്പിന്‍ ഓള്‍റൗണ്ടറുമായ അക്കിബ് ഇല്യാസ് ആണ് ഒമാന്റെ നായകന്‍. 2021 ലോകകപ്പ് കളിച്ച എട്ടുപേരുള്‍പ്പെടെ അടുത്തിടെ നടന്ന എ.സി.സി. പ്രീമിയര്‍ കപ്പില്‍ കളിച്ച ഒട്ടുമിക്കതാരങ്ങളും ടീമിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസിലെ ആറ് സ്റ്റേഡിയങ്ങളും അമേരിക്കയിലെ മൂന്ന് സ്റ്റേഡിയങ്ങളുമാണ് ലോകകപ്പിന്റെ വേദി. ഇരുപത് ടീമുകളാണ് ഇത്തവണ ലോകകപ്പിനുള്ളത്. അഞ്ചു ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് മത്സരങ്ങളില്‍ ആദ്യരണ്ടു സ്ഥാനങ്ങളില്‍ വരുന്നവര്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യതനേടും. അതിനുശേഷം സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് ടൂര്‍ണമെന്റ്.
Post Your Comments