കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ യുവതിയെ മർദ്ദിച്ചതിന് പിന്നിൽ സ്ത്രീധനമല്ലെന്ന് പ്രതിയുടെ അമ്മ ഉഷ. മകൻ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ പറയുന്നു. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല എന്നാണ് അമ്മ പറയുന്നത്. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയത്.
യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗിയായതിനാൽ താൻ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് താൻ അറിഞ്ഞിരുന്നില്ല. മകന് നേരത്തെ നിശ്ചയിച്ച കല്യാണം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നു. ഇവ രണ്ടും വിവാഹത്തിലെത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട് 3 വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നെന്നും അമ്മ ഉഷ പറഞ്ഞു.
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു. രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ കൂടി പൊലീസ് പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരങ്കാവ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
നവവധുവിന് മർദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റവുമാണ് രാഹുലിന് മേൽ ചുമത്തിയിരുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപാണ് സംഭവം നടന്നത്. വീട് കാണൽ ചടങ്ങിനായി മെയ് 11 ന് കോഴിക്കോട്ടെ വീട്ടിലെത്തിയ തൻ്റെ മാതാപിതാക്കളോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് യുവതി പറയുന്നു. പരാതി പറയാൻ പോലും ഭയമായിരുന്നുവെന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലൊന്നിൽ രാത്രി 1 മണിയോടെയാണ് മർദ്ദനം നടന്നത്. വീട്ടിൽ ഈ സമയത്ത് രാഹുലിന്റെ അമ്മയും സുഹൃത്തും ഉണ്ടായിരുന്നു. എന്നാൽ ആരും ഇടപെട്ടില്ലെന്ന് യുവതി പറയുന്നു. 150 പവനും കാറുമായിരുന്നു സ്ത്രീധനമായി രാഹുൽ ആവശ്യപ്പെട്ടത്. ഗുരുതരമായ കുറ്റകൃത്യത്തിൽ പോലീസിൻറെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടി.
ഗാർഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആദ്യം പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പരാതിയിൽ പറയുന്ന പോലെയുള്ള അതിക്രമങ്ങൾ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂവെന്നായിരുന്നു പന്തീരാങ്കാവ് പൊലീസിന്റെ നിലപാട്. പ്രതിക്കെതിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. ജർമ്മനിയിൽ എയറോനോട്ടിക്കൽ എഞ്ചിനിയീറാണ് പ്രതിയായ രാഹുൽ.
Post Your Comments