Latest NewsKeralaIndia

മലയാളി തൊഴിലാളികളെ പണിയെടുക്കാൻ അനുവദിക്കില്ല, മലയാളികളെ പണിക്കിറക്കിയതിന് അതിഥി തൊഴിലാളികൾ സൂപ്പർവൈസറെ മർദ്ദിച്ചു

കോട്ടയം: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിന്റെ പേരിൽ അന്യസംസ്ഥാന തൊഴിലാളികൾ സൂപ്പർവൈസറെ ആക്രമിച്ചു. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിനെയാണ് അന്യസംസ്ഥാന തൊഴിലാളികൾ മർദ്ദിച്ചത്. രാവിലെ എട്ടരയായിട്ടും അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്താതിരുന്നതോടെയാണ് ബിജി മാത്യു മലയാളികളായ തൊഴിലാളികളെ ജോലിക്കായി വിളിച്ചത്.

പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണത്തിനിടയാണ് സംഭവം. ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ആറുമുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചുവങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ തയ്യാറായില്ല. രാവിലെ എട്ടരയായിട്ടും തൊഴിലാളികൾ ജോലിക്ക് എത്തിയില്ല. ഇതോടെ, അടിത്തറ ഉറപ്പിക്കുവാനായി യന്ത്രസഹായത്തോടെ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗശൂന്യമാകാതിരിക്കാനാണ് സൂപ്പർവൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം തേടിയത്.

നാട്ടുകാരായ നാല് തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി സൂപ്പർവൈസറെ മർദിക്കുകയായിരുന്നു. മലയാളി തൊഴിലാളികളെ പണിയെടുക്കുവാൻ അനുവദിക്കില്ലെന്നും, മുൻപ് ജോലിചെയ്തിരുന്ന സമയപ്രകാരം എട്ടുമുതൽ അഞ്ചുവരെ മാത്രമേ പണിയെടുക്കുകയുള്ളൂവെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ടശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുവാൻ ശ്രമിച്ചു. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസികളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥലത്തെത്തി അക്രമികളായ അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെനിന്ന് മാറ്റി.

അടിയന്തരജോലി നടക്കുന്നതിനാലും മറ്റ് മേൽനോട്ടക്കാർ സ്ഥലത്തില്ലാത്തതിനാലും, പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെ പണിസ്ഥലത്തുതന്നെ തുടർന്നു. വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചു. സൂപ്പർവൈസറെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ കൂലി നൽകി പറഞ്ഞുവിട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തില്ല. മലയാളികളെ ജോലിക്ക് ഇറക്കിയതിന്റെ പേരിൽ ആദ്യമായാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button