തിരുവനന്തപുരം: വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അരളിപ്പൂ നിരോധിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളിപ്പൂ പൂര്‍ണ്ണമായി ഒഴിവാക്കിയത്. അര്‍ച്ചന, നിവേദ്യം, പ്രസാദം എന്നിവയില്‍ ഉപയോഗിക്കുന്നതില്‍ നിന്നാണ് അരളി ഒഴിവാക്കിയത് .
പൂജയ്ക്ക് പരമാവധി തെച്ചി തുളസി എന്നിവ ഉപയോഗിക്കണം.
Read Also: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു : 78.69%വിജയം
യുകെയിലേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് സൂര്യ സുരേന്ദ്രന്റെ കുഴഞ്ഞുവീണുള്ള മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അരളിപ്പൂവ് അപകടകാരിയാണെന്ന് ഏവരും തിരിച്ചറിയുന്നത്.
അയല്‍വാസികളോട് സൂര്യ യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നു ഇതാണ് പിന്നീട് മരണത്തിലേയ്ക്ക് വഴിതെളിച്ചത്.
നമ്മുടെ വീട്ടുമുറ്റത്തും അമ്പലപ്പറമ്പിലുമൊക്കെ സാധാരണയായി കാണപ്പെടുന്ന നീറിയം ഒളിയാന്‍ഡര്‍ ഇനത്തില്‍ പെടുന്ന പൂച്ചെടിയാണ് അരളി. വടക്കേ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമാണ് അരളിയുടെ ഉത്ഭവം. ചൂടുള്ളതും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് വിഷലിപ്തമായ അരളി വളരുന്നത്.
അരളിയില്‍ വിഷമുണ്ട് എന്നത് പുതിയ വിവരമല്ല. കാലാകാലങ്ങളായി ഇലയും പൂവും തണ്ടും കായയും വേരുമടക്കം സമൂലം വിഷമയമാണ് അരളി. ഇതേ വിഭാഗത്തില്‍പ്പെട്ട എല്ലാ ചെടികളിലും വിഷാംശമുണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന എല്ലാത്തരം അരളികളിലും വിഷാംശമുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇലകളിലാണ് കൂടുതല്‍ വിഷം. ഇവയില്‍ അടങ്ങിയിരിക്കുന്ന ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാര്‍ഥം കരള്‍, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും.
കരളില്‍ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തില്‍ രക്തസ്രാവം, ഹൃദയസ്പന്ദനത്തില്‍ വ്യതിയാനം, ഹൃദയസ്തംഭനം, ഹൃദയപേശികളില്‍ രക്തസ്രാവം എന്നിവയ്ക്കും കാരണമാകും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടാകുകയും ചെയ്യും. ആദ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പതിയെയാക്കുകയും തടയുകയും ചെയ്ത ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്.
സയനൈഡിന്റെ മൂന്നിലൊന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഗ്രാം അകത്തെത്തിയാല്‍ തന്നെ അപകടമാണ്. വിഷാംശം ശരീരത്തിലെത്തിയാല്‍ ഛര്‍ദ്ദി, തലകറക്കം തുടങ്ങിയവ ഉണ്ടാകാം. പ്രശ്‌നം എന്താണെന്ന് അതിവേഗം തിരിച്ചറിയുകയാണ് പ്രധാനം. അറിഞ്ഞാലുടന്‍ ഒട്ടും സമയം കളയാതെ വിദഗ്ധ ചികില്‍സ തേടുക.
Post Your Comments