Latest NewsKerala

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സസ്‌പെൻഷനും സ്ഥലംമാറ്റവും

കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 10 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റം നല്‍കി. 4 ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.

കെഎസ്ആര്‍ടിസി ചെയര്‍മാൻ & മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് നടപടിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. മദ്യപിച്ച് ജോലിക്കെത്തുന്നവരെ പാടി കൂടാൻ കെ എസ് ആർ ടി സി വിജിലൻസ് എത്തിയത് അറിഞ്ഞാണ് ജീവനക്കാർ മുങ്ങിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായി.

കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായതിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്.

ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും അറിയിപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button