തൃശൂര്‍: സ്വകാര്യ ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ രംഗത്ത് എത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടര്‍ വയോധികനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്ന ശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്‌സാക്ഷികളായ പ്രവീണ്‍, പുരുഷന്‍ എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
ഒന്നും പറ്റിയിട്ടില്ലലോ എന്ന് പറഞ്ഞാണ് വീണ്ടും താഴേക്ക് ഇട്ടതെന്നും കല്ലില്‍ ഇടിച്ചാണ് തലയ്ക്ക് ക്ഷതമേറ്റതെന്ന് ദൃക്‌സാക്ഷിയായ പുരുഷന്‍ എന്നയാള്‍ പറഞ്ഞു. വീണുകിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് തലയില്‍ മുറിവേറ്റത് കണ്ടതെന്നും ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞപ്പോള്‍ പൊക്കി നോക്കിയശേഷം ഒരു കുഴപ്പവുമില്ലലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ പ്രവീണ്‍ പറഞ്ഞു. ഇതോടെകൂടിയാണ് ആളുടെ ബോധം പോയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 3 രൂപ കുറഞ്ഞതിനാണ് വയോധികനെ കണ്ടക്ടര്‍ ബസ്സില്‍ നിന്ന് തള്ളിയിട്ടതെന്നും പൊലീസ് കണ്ടെത്തി.
കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിന്റെ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ തുടരുകയായിരുന്നു. ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പുത്തന്‍തോട് ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രന്‍ വീണത്.
ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
Post Your Comments