Latest NewsIndia

അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച്: കോണ്‍ഗ്രസ് ഐ.ടി സെല്ലിലെ അഞ്ചുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹിപോലീസ് അറസ്റ്റുചെയ്തു. വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മിച്ചുവെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയില്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളില്‍ പെട്ട നവീന്‍, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും. തെലങ്കാനയിലെ പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തു കളയുമെന്ന തരത്തിൽ ഉള്ള പ്രസംഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.

പ്രസംഗത്തിന്റെ യഥാര്‍ഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു. വ്യാജ വിഡിയോകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടിയും തുടങ്ങിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍.സിപി.യുടെയും ഉള്‍പ്പെടെ വിവിധ എക്‌സ് അക്കൗണ്ടുകളില്‍ നിന്ന് വിഡിയോ നീക്കിയിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്. പാര്‍ട്ടി ഹാന്‍ഡിലുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button