ന്യൂഡല്‍ഹി: ഹ്രസ്വദൂര യാത്രകള്‍ക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങും. വന്ദേ മെട്രോ ട്രെയിനുകള്‍ 100-250 കിലോമീറ്റര്‍ വരെ ദൂരമുള്ള പാതകളില്‍ സഞ്ചരിക്കുമ്പോള്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 1,000 കിലോമീറ്ററിലധികം ദൂരം വരുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്തും.
വന്ദേഭാരത് ട്രെയിനുകളുടെ മിനിപതിപ്പെന്ന പോലെയാണ് വന്ദേ മെട്രോ ട്രെയിനുകള്‍ ട്രാക്കുകളിലിറങ്ങുന്നത്. ഹ്രസ്വദൂര സര്‍വീസുകളാണ് ട്രെയിനുകള്‍ നടത്തുന്നതെങ്കിലും ഇവയ്ക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ പോലെ എല്ലാ സ്ഥലത്തും സ്റ്റോപ്പുകളുുണ്ടാവില്ല. വന്ദേ മെട്രോ ട്രെയിനുകള്‍ ഏകദേശം 124 നഗരങ്ങളെ ബന്ധിപ്പിക്കും. തുടക്കത്തില്‍ ലക്‌നൗ-കാണ്‍പൂര്‍, ആഗ്ര-മഥുര, ഡല്‍ഹി-റെവാരി, ഭുവനേശ്വര്‍-ബാലസോര്‍, തിരുപ്പതി-ചെന്നൈ എന്നീ റൂട്ടുകളില്‍ ഇവ സര്‍വീസ് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വന്ദേ മെട്രോ ട്രെയിനുകളില്‍ 12 എസി കോച്ചുകളും ഓട്ടോമാറ്റഡ് വാതിലുകളും ഉണ്ടായിരിക്കും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനുപുറമെ 2026ഓടെ പുഷ്-പുള്‍ വേരിയന്റുള്ള അമൃത് ഭാരത് ട്രെയിനുകളും ട്രാക്കുകളിലിറക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
Post Your Comments