KeralaLatest NewsNews

സംസ്ഥാനത്ത് ഉഷ്ണതരംഗം: മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

Read Also: വെബ്‌സൈറ്റുകൾക്ക് വിൽക്കാനായി കൗമാരക്കാരനെ കൊലപ്പെടുത്തി അവയവങ്ങൾ നീക്കം ചെയ്യുന്ന വീഡിയോ പകർത്തി, പ്രതി അറസ്റ്റിൽ

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുക, ധാരാളമായി വെള്ളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക, പൊതുപരിപാടികള്‍ വൈകുന്നേരങ്ങളില്‍ മാത്രം നടത്തുക, കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക, നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

ചൂട് കൂടിയ സാഹചര്യത്തില്‍ അപകടങ്ങളൊഴിവാക്കാനും പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊന്ന് മാലിന്യം കൂട്ടിയിടുന്നതാണ്. ഇത്രയധികം ചൂടുള്ള അന്തരീക്ഷത്തില്‍ ഉണങ്ങിയ മാലിന്യം, പുല്ല്, കടലാസ് എന്നിവയ്‌ക്കെല്ലാം എളുപ്പത്തില്‍ തീ പിടിക്കാന്‍ സാധ്യതയുണ്ട്. ഇത് വലിയ തീപ്പിടുത്തത്തിലേക്ക് തന്നെ നയിക്കാം. മാര്‍ക്കറ്റുകള്‍, മറ്റ് കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളിലെല്ലാം ജാഗ്രത വേണം. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും ശ്രദ്ധ വരേണ്ടതുണ്ട്. ചൂട് കൂടുമ്പോള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എസി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

ആരോഗ്യപ്രശ്‌നങ്ങളൊഴിവാക്കാന്‍ തൊഴിലിടത്തിലും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലായാലും ഓഫീസിലോ മറ്റ് തൊഴിലിടത്തിലോ ആയാലും വായുസഞ്ചാരം ഉറപ്പാക്കുക, തൊഴിലുറപ്പ് പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക, ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതു സമൂഹം സഹായിക്കുക.

വിദ്യാര്‍ഥികളുടെ കാര്യത്തിലാണെങ്കില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button