മലപ്പുറം: കരുവാരക്കുണ്ടിൽ സുബൈറിന്റെ കയ്യിൽ നിന്നും പണം നൽകി കാട്ടുപോത്തിന്റെ മാംസം വാങ്ങിയവരും കുടുങ്ങും. കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കരുവാരക്കുണ്ട് സ്വദേശി ചെമ്മല സുബൈറിൻറെ വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ ഇരുപത് കിലോയോളം മാംസം പിടികൂടിയ സംഭവത്തിൽ കൂടുതൽപേർ കുടുങ്ങുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുബൈറിൻറെ വീട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇരുപതു കിലോയോളം മാംസം വീട്ടിൽ നിന്നും കണ്ടെത്തി. പകുതിയും പാകം ചെയ്ത നിലയിലായിരുന്നു. മാംസം വേവിക്കാൻ ഉപയോഗിച്ച കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങളും കസ്റ്റഡിയിലെടുത്തു. സുബൈർ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാട്ടുപോത്തിനെ വേട്ടയാടിയത് വെള്ളിയാഴ്ച രാത്രിയിലാണെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മാംസം പലർക്കായി വിൽപ്പന നടത്തി. എന്നാൽ വേട്ടയാടാനുപയോഗിച്ച തോക്കും കാട്ടുപോത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം നൽകി മാംസം വാങ്ങിയവരും കേസിൽ പ്രതികളാകും, ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments