ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്ന യുവതിയുടെ പരാതിയെ തുടർന്ന് വിവാഹബന്ധം വേർപെടുത്താൻ അനുമതി നൽകി ഹൈക്കോടതി. ബോംബൈ ഹൈക്കോടതിയാണ് ദമ്പതികളുടെ 17 ദിവസത്തെ വിവാഹം ബന്ധം വേർപ്പെടുത്താൻ അനുമതി നൽകിയത്. തന്നെ ലൈംഗികമായി സംതൃപ്തിപ്പെടുത്താൻ ഭർത്താവിന് കഴിയുന്നില്ലെന്നും പ്രത്യുൽപ്പാദന ശേഷിയില്ലെന്നുമായിരുന്നു ഇരുപത്താറുകാരിയായ യുവതിയുടെ പരാതി.
2023 മാർച്ച് 13ന് ഛത്രപതി സംബാജി നഗറിൽവച്ചാണ് ഇരുപത്തേഴുകാരനായ യുവാവിനെ പരാതിക്കാരി വിവാഹം കഴിച്ചത്. എന്നാൽ ആ മാസത്തിന്റെ അവസാനം ദമ്പതികൾ വേർപിരിഞ്ഞു.യുവതി അവരുടെ അമ്മ വീട്ടിലേക്ക് പോയി. ഇതിന് പിന്നാലെ അവർ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം യാതനയിലേക്ക് തള്ളിവിട്ടെന്നും ഭർത്താവ് തന്നെ വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്.
വിവാഹശേഷം ബെംഗളുരുവിലേക്ക് ഹണിമൂണിന് പോയെങ്കിലും ഭർത്താവ് തന്നോട് താത്പ്പര്യം കാണിച്ചില്ലെന്ന് മാത്രമല്ല എതിർക്കുകയും തന്നോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടെന്നും വ്യക്തമാക്കി. ബന്ധുക്കളുമായി ഇക്കാര്യം ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. അവസാന ആശ്രയമെന്ന നിലയ്‌ക്കാണ് കോടതിയെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
തനിക്ക് ശാരീരികമായും മാനസികമായും വൈകാരികമായും ഭാര്യയോട് ഒരു ബന്ധം സ്ഥാപിക്കാനായില്ലെന്നും പറഞ്ഞ ഇയാൾ ഭാര്യയെയും കുറ്റപ്പെടുത്തി. താൻ നോർമലാണെന്നും ഭാര്യയുമായി ലൈംഗിക ബന്ധം പുലർത്താൻ കഴിഞ്ഞില്ലെന്നും അറിയിച്ചു. എന്നാൽ ഭർത്താവിന്റെ ലൈംഗിക ശേഷിക്കുറവ് മുൻനിർത്തി വിവാഹമോചനം അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കുടുംബ കോടതി നിരാകരിച്ചതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭർത്താവിന് ലൈംഗിക ശേഷിക്കുറവുണ്ടെന്ന് നിരീക്ഷിക്കുയും ചെയ്തു. ഇത് യുവാവിന്റെ മറുപടിയിൽ അയാൾ സമ്മതിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
Post Your Comments