
സികാര്‍: കാര്‍ ട്രക്കിലിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാജസ്ഥാനിലെ സികാറിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. രാജസ്ഥാനിലെ സാലാസാറില്‍ നിന്ന് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്.
എതിര്‍ ദിശയില്‍ നിന്ന് മറ്റൊരു വാഹനം വന്നതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ട്രക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ഗ്യാസ് കിറ്റ് പൊട്ടിത്തെറിച്ചതോടെയാണ് കാറില്‍ തീ പടര്‍ന്നത്. ട്രക്കിലുണ്ടായിരുന്ന പരുത്തി, തീ പെട്ടെന്ന് പടരാനും കാരണമായി. സഹായത്തിന് ആളുകള്‍ എത്തിയെങ്കിലും കാറിന്റെ ഡോര്‍ ലോക്കായതോടെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായില്ല. തീ പടര്‍ന്നതിനാല്‍ സഹായത്തിനെത്തിയവര്‍ക്കും കാറിന് സമീപത്തേക്ക് എത്താനാവാതെ വന്നതോടെ ഏഴുപേര്‍ ജീവനോടെ അഗ്‌നിക്കിരയാവുകയായിരുന്നു.
55കാരിയായ നീലം ഗോയല്‍, ഇവരുടെ മകനും 35കാരനുമായ അശുതോഷ് ഗോയല്‍, 58കാരിയായ മഞ്ജു ബിന്ദാല്‍ ഇവരുടെ മകനും 37കാരനുമായ ഹാര്‍ദ്ദിക് ബിന്ദാല്‍ ഇയാളുടെ ഭാര്യ സ്വാതി ബിന്ദാല്‍ ഇവരുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് വെന്തുമരിച്ചത്. അതേസമയം ട്രക്ക് ഡ്രൈവറും സഹായിയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കാറിന്റെ ഉടമ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളില്‍ പേരുമാറ്റാതിരുന്നതാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായമായത്.
Post Your Comments