KeralaLatest NewsIndia

അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം, ഇനി മൂന്നാം ഇന്നിങ്സ്- നടി ശോഭന

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നവരാണ് കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെന്നും ശോഭന പറഞ്ഞു. കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വര്‍ഷങ്ങളായി ആള്‍ക്കാര് വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇവിടുന്ന്. എന്തുകൊണ്ടാണ് ഇത്രയും ആള്‍ക്കാര്, അതും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും. കൂട്ടപ്രയാണം പോലെ. മോദിജിയുടെ ലീഡര്‍ഷിപ്പില്‍ ഇംപോസ്സിബിള്‍ ആയ പലതും പോസ്സിബിള്‍ ആയിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിങ്‌സിലും മോദി ക്യാപ്റ്റനായി തുടരുന്നത്.’

‘ഇപ്പോള്‍ ഇതു മൂന്നാം ഇന്നിങ്‌സിന് സമയമായി. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അതായത് പ്ലസ് ടു പാസ്സായവര്‍ക്ക് പോലും ജോലി കിട്ടുമെന്ന ഗ്യാരണ്ടി. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പ്രോജക്ട്. കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ പറ്റുന്നില്ല. അതുകൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള പ്രോജക്ട് ആണത്. ആരോഗ്യ ടൂറിസത്തിന് പറ്റിയ സ്ഥലമാണ് തിരുവനന്തപുരമെന്നും’ ശോഭന പറഞ്ഞു.

ഇന്നലെ, തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുത്തു. സ്ഥാനാര്‍ഥിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.

നേരത്തെ, തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലും ശോഭന അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് ശോഭന രംഗത്തിറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button