ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പുലർച്ചെ 2.42 മുതൽ: സമയക്രമങ്ങള്‍ അറിയാം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേതത്തിൽ കണികാണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാളെ പുലർച്ചെ 2.42 മുതല്‍ 3.42 വരെയാണ് വിഷുക്കണി ദർശനം. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം നല്‍കും. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ​ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്.

ശ്രീലകത്ത് മുഖമണ്ഡപത്തില്‍ സ്വര്‍ണ സിംഹാസനത്തില്‍ പൊന്‍തിടമ്പും കണിക്കോപ്പുകളും വച്ചും ഭക്തര്‍ക്കുള്ള കണിയൊരുക്കും. നമസ്‌കാര മണ്ഡപത്തിലും കണിവയ്ക്കും. നാലമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഭക്തര്‍ക്ക് കണ്ണനെയും വിഷുക്കണിയും കാണാനാകും. കണി കണ്ടെത്തുന്നവര്‍ക്ക് മേല്‍ശാന്തി വിഷക്കൈനീട്ടം നല്‍കും. 3.42ന് വിഗ്രഹത്തിലെ മാലകള്‍ മാറ്റി, തൈലാഭിഷേകം, വാകച്ചാര്‍ത്ത് തുടങ്ങി പതിവു ചടങ്ങുകള്‍ നടക്കും. നെയ് വിളക്ക് ശീട്ടാക്കി ദര്‍ശനം 4.30 ന് തുടങ്ങും. പടിഞ്ഞാറെ ഗോപുരവും ഭഗവതിക്കെട്ടിലെ വാതിലും 3.15ന് മാത്രമെ തുറക്കുകയുള്ളു.

ഉച്ചപൂജയ്ക്ക് ദേവസ്വം വക നമസ്‌കാരം പ്രത്യേകതയാണ്. തെക്കുമുറി ഹരിദാസിന്റെ വഴിപാടായി വിഷുവിളക്ക് നെയ് വിളക്കായി ആഘോഷിക്കും. കാലത്തും ഉച്ചകഴിഞ്ഞും കാഴ്ച ശീവേലിക്കും പെരുവനം കുട്ടന്‍മാരാരുടെ മേളം. സന്ധ്യയ്ക്ക് താമരയൂര്‍ അനീഷ് നമ്പീശന്റെയും അനുനന്ദിന്റെയും തായമ്പക. രാത്രി നെയ് വിളക്കിന്റെ പ്രഭയില്‍ വിളക്കാചാര പ്രദക്ഷിണത്തില്‍ ഗുരുവായൂര്‍ കൃഷ്ണകുമാര്‍ (ഇടയ്ക്ക്) ഗുരുവായൂര്‍ മുരളി (നാഗസ്വരം) എന്നിവരുടെ നേതൃത്വത്തില്‍ ഇടയ്ക്ക നാഗസ്വര പ്രദക്ഷിണം.

Share
Leave a Comment