Latest NewsIndia

ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും: സന്ദേശ്ഖലി കേസ് ഇനി സിബിഐയ്ക്ക്

കൊൽക്കത്ത: സന്ദേശ്ഖാലി പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺ​ഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖിനും സംഘത്തിനുമെതിരെയാണ് അന്വേഷണം.പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം.

സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

സന്ദേശ്ഖലിയിൽ പരിശോധനക്കായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഇതിനോടൊപ്പമാണ് പീഡനക്കേസുൾപ്പെടെയുള്ള കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

തൃണമൂൽ കോൺ​ഗ്രസ് നേതാവായിരുന്ന ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ തോക്കിൻമുനയിൽ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. നിരവധി കൃഷി ഭൂമികൾ ഇവർ തട്ടിയെടുത്തുവെന്ന് ആരോപണം ഉയർന്നുവന്നിരുന്നു.

ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങൾ. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button