അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദംകേട്ട് പരിശോധിച്ച വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അടുക്കളയിൽ വലിയ പെരുമ്പാമ്പിനെ കണ്ടതിന്റെ ഞെട്ടലിലാണ് ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ പോർട്ട് എഡ്വേർഡ് സ്വദേശിയായ ഷാരോൺ നോർട്ടൺ.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് അനുസരിച്ച്, അടുക്കളയിൽ നിന്ന് തുടർച്ചയായി ചില ശബ്ദങ്ങൾ കേട്ട ഷാരോൺ ആദ്യം കരുതിയത് കള്ളൻമാരാണെന്നാണ്. 62 -കാരിയായ ഷാരോൺ നോർട്ടൺ കള്ളന്മാരെ നേരിടാനായി അടുക്കളയിൽ കയറുകയും ചെയ്തു. എന്നാൽ, അവിടെ അവർ കണ്ടത് ഒരു ഭീമൻ പെരുമ്പാമ്പിനെയാണ്.
പാമ്പ് ഷാരോണിനെ ആക്രമിക്കാനായി നേരെ പാഞ്ഞെങ്കിലും കൈയ്യിൽ കിട്ടിയ ഒരു ബേക്കിംഗ് ട്രേ ഉപയോഗിച്ച് അവർ പാമ്പിനെ അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ പ്രതിരോധത്തിൽ പതറിയ പാമ്പ് പിന്തിരിഞ്ഞു. ഇതോടെ ഒഴിവായത് വൻ ദുരന്തം ആണ്.
സംഭവത്തെക്കുറിച്ച് ഷാരോൺ പറയുന്നത് ഇങ്ങനെ, ‘അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതിനിടയിൽ നിമിഷനേരം കൊണ്ടാണ് അതെന്റെ നേരെ തിരിഞ്ഞത്. വെറും അഞ്ചടി മാത്രമുള്ള ഞാൻ ആ ഭീമന്റെ പിടിയിൽ അമർന്നിരുന്നെങ്കിൽ തീർച്ചയായും രക്ഷപെടില്ലായിരുന്നു. ഭാഗ്യത്തിന് ഒരു ട്രേ എനിക്ക് കയ്യിൽ കിട്ടി. അതുകൊണ്ട് അടിച്ചതും പാമ്പ് പിൻതിരിഞ്ഞു.’
തൻ്റെ നായ്ക്കളെ പിടികൂടാനായിരിക്കാം പാമ്പ് വന്നതെന്നാണ് ഷാരോൺ പറയുന്നത്. ഇവർക്ക് 15 നായ്ക്കൾ ആണ് ഉണ്ടായിരുന്നത്. അതിൽ നാലെണ്ണത്തിനെ പെരുമ്പാമ്പുകൾ മൂന്ന് തവണയായി പിടികൂടി എന്ന് ഷാരോൺ പറയുന്നു. ഫ്രിഡ്ജിന് പിന്നിലായാണ് പാമ്പ് പതുങ്ങിയിരുന്നത് എന്നും അവർ പറയുന്നു. തുർന്ന് പ്രാദേശിക പാമ്പ് പിടുത്തക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. 16 അടി വലിപ്പം ഉണ്ടായിരുന്ന തെക്കൻ ആഫ്രിക്കൻ പെരുമ്പാമ്പായിരുന്നു ഇത് എന്ന് പിന്നീട് സ്ഥിരീകരിച്ചു.
Post Your Comments