KeralaLatest News

അതിരാവിലെ പോലും വിയർപ്പിൽ കുളിച്ച് ഉറക്കം നഷ്ടപ്പെട്ട് മലയാളികൾ: പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് മുൻകാലങ്ങളിൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വർധിക്കുന്നു. പകൽ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പുലർച്ചെ പോലും വിയർപ്പിൽ കുളിക്കുന്ന മലയാളികൾക്ക് സുഖനിദ്ര എന്നത് നഷ്ടപ്പെട്ടിട്ട് നാളുകളായി. രാത്രികാലങ്ങളിൽ പലയിടത്തും കുറഞ്ഞ താപനില 28–30 ഡിഗ്രി വരെയാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പകലിനു സമാനമായ മുന്നറിയിപ്പുകൾ രാത്രിയിലേക്കും പ്രഖ്യാപിക്കും എന്നാണ് സൂചന.

അന്തരീക്ഷ ഈർപ്പം ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കുന്ന സാഹചര്യവും ഈ മാസാവസാനം വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക. പാലക്കാട് ഇന്നലെ തുടർച്ചയായ നാലാം ദിവസവും 40 ഡിഗ്രിക്കു മുകളിലായിരുന്നു (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതൽ ചൂടു രേഖപ്പെടുത്തി.

‘എൽ നിനോ’ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാൽ അടുത്ത മാസം മുതൽ ചൂടു കുറഞ്ഞേക്കും. പസിഫിക് സമുദ്രോപരിതലത്തിൽ താപനില വർധിക്കുന്നത് ആഗോള മർദവ്യതിയാനത്തെ ബാധിക്കുന്നതിനാൽ പല ഇടങ്ങളിലും മഴ കുറയും. ഈ ആഴ്ച അവസാനം തെക്കൻ കേരളത്തിൽ ഭേദപ്പെട്ട വേനൽമഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button