ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധ കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞ നെഹ്റുവിനെ ജനങ്ങൾ മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ലഖിംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശുമായുള്ള രാജ്യത്തിൻ്റെ അതിർത്തി സുരക്ഷിതമാക്കിയതായും നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
അസമിലെ 80 ശതമാനം മേഖലകളിലും അഫ്സ്പ നിയമം എടുത്തുമാറ്റി മുസ്ലീം വ്യക്തിഗത നിയമം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാല്‍, ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അസമിലെ ബിജെപി റാലിയിൽ അമിത് ഷാ വ്യക്തമാക്കി. ഇപ്പോൾ ചൈനയ്ക്ക് നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞിട്ടില്ലെന്നും ഡോക്‌ലാമിൽ പോലും നമ്മൾ അവരെ പിന്നോട്ട് തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഡാക്കിലും പരിസര പ്രദേശങ്ങളിലും ഇന്ത്യയുടെ ഭൂപ്രദേശം കയ്യേറുന്നതായി ആരോപിക്കപ്പെടുന്ന ചൈനയ്‌ക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കർശനമായി പെരുമാറുന്നില്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ. ബംഗ്ലാദേശുമായുള്ള അസമിൻ്റെ അതിർത്തി നേരത്തെ നുഴഞ്ഞുകയറ്റത്തിന് തുറന്നിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിൻ്റെ സംസ്കാരം സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തൻ്റെ മുത്തശ്ശി അസമിനോട് ചെയ്തത് എന്താണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആയിരക്കണക്കിന് യുവാക്കളെ വഴിതെറ്റിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദി പത്തിലധികം സമാധാന ഉടമ്പടികളിൽ ഒപ്പുവെച്ചു, അസമിൽ സ്ഥിരത കൊണ്ടുവന്നു. 9,000-ത്തിലധികം ആളുകൾ കീഴടങ്ങി മുഖ്യധാരയിൽ ചേർന്നു’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments