തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിദ്ധാർഥന്റെ അച്ഛൻ.
‘പ്രതിയായ അക്ഷയ് സിപിഎം നേതാവ് എംഎം മണിയുടെ ചിറകിനടിയിലാണ്. എന്തിനാണ് അക്ഷയിനെ സംരക്ഷിക്കുന്നത്? അവനെ തുറന്നുവിട്ടുകൂടേ?അവനെ വെളിയില്‍ വിട്ട ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണം. ഉത്തരം കിട്ടുന്നതിന് വേണ്ടി ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരേയും പോകാൻ തയ്യാറാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രതി ചേർത്ത് കേസ് എടുക്കണം. മർദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ല’- സിദ്ധാർഥന്റെ അച്ഛൻ ചോദിച്ചു.
ആ അച്ഛന്റെ വാക്കുകൾ ഇങ്ങനെ,
‘പൊലീസ് അന്വേഷണം ഏങ്ങും എത്തിയില്ല. എല്ലാ സമ്മർദ്ദത്തിനും അടിപ്പെട്ട് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ തരാം എന്ന് പറഞ്ഞ് പത്തു പതിനഞ്ച് ദിവസം നീട്ടി പറഞ്ഞ് പറ്റിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറി കൊണ്ടുള്ള റിപ്പോർട്ട് കൊച്ചിയ്ക്ക് കൊടുക്കാനുള്ളത് ഡല്‍ഹിക്ക് കൊടുത്തു എന്നും ഡല്‍ഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തു എന്നും പറഞ്ഞു പറ്റിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ വീണ്ടും പറ്റിച്ചു.എന്നെ മൊത്തം പറ്റിച്ചു കൊണ്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കുരങ്ങനെ പോലെ നോക്കി നല്‍ക്കേണ്ട കാര്യമില്ലലോ? ഞാൻ കൃത്യമായി ഇടപെടും. ചതിച്ച് കൊന്ന പെണ്‍കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ആന്റി റാഗിങ് സ്ക്വാഡ് പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിർത്തി റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതർ പറയുന്നത് പെണ്‍കുട്ടികള്‍ അല്ലേ വിട്ടുകളയാം എന്നാണ്. രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യാതിരുന്നത്. പ്രതിയായ അക്ഷയ് എം എം മണിയുടെ ചിറകിനടിയിലാണ്. എന്തിന് സംരക്ഷിക്കുന്നു? അവനെ തുറന്നുവിടു. വെളിയില്‍ വിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൂ. വീട്ടുകാരുടെ സങ്കടം കണ്ട് വീട്ടില്‍ ഇരിക്കാൻ പറ്റില്ല. ഞാൻ ക്ലിഫ്ഹൗസില്‍ പോകും. ക്ലിഫ് ഹൗസിന് മുന്നിലേക്ക് പ്രക്ഷോഭവുമായി പോകും.’
‘എട്ടുമാസമാണ് മകനെ പീഡിപ്പിച്ചത്. ഇതിന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മുഴുവൻ സപ്പോർട്ടും നല്‍കി. ആർഷോ എല്ലാ ദിവസവും എന്തിന് അവിടെ വിസിറ്റ് ചെയ്തു? എന്തുകൊണ്ട് അന്വേഷിച്ചില്ല? ഈ പരിപാടി മൊത്തം എക്സിക്യൂട്ടിവ് ചെയ്തത് അവനാണ്. എട്ടുമാസം മകനെ ഡ്രസ് പോലും ഇടാൻ അനുവദിക്കാതെ റൂമില്‍ കൊണ്ടുപോയി സൈൻ ചെയ്യിപ്പിച്ചു. അതെല്ലാം ചെയ്തത് അവനാണല്ലോ. അവന്റെ പങ്കു സംബന്ധിച്ച് എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല.
സമരവുമായി മുന്നോട്ടുപോകും. അതില്‍ യാതൊരുവിധ മാറ്റവുമില്ല. നാളെ മുതല്‍ സമരം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭാര്യയ്ക്കും സമരത്തില്‍ പങ്കെടുക്കണമെന്ന് ഒരേ വാശി. ആരോഗ്യസ്ഥിതി ഇങ്ങനെയായത് കൊണ്ട് ഇപ്പോള്‍ പോകാൻ പറ്റില്ല. സിബിഐ അന്വേഷണം അട്ടിമറിക്കാൻ വേണ്ടി തട്ടിക്കൂടിയ പേപ്പർ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന് കേട്ടു. ഞാൻ 20 ദിവസമായി കയറിയിറങ്ങിയിട്ടും കിട്ടാത്ത പേപ്പർ രണ്ടുമൂന്ന് മണിക്കൂർ കൊണ്ട് പെട്ടെന്ന് കിട്ടി. പേപ്പർ കിട്ടിയതിന് പിന്നാലെ ഒരു പ്രഹസനം. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം. മൂന്ന് പേർക്ക് സസ്പെൻഷൻ. കണ്ണില്‍ പൊടിയിട്ടിട്ട് വെറുതെ ഇരിക്കാൻ കഴിയും എന്ന് വിചാരിച്ചോ? നടപടി എടുക്കേണ്ടത് ശരിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അല്ലേ?’- ‘- സിദ്ധാർഥന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments