KeralaLatest News

കാർ അമിതവേഗതയിൽ ലോറിയിലേക്ക് ഇടിച്ചുകയറ്റി, അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല- മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചുകയറ്റിയതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തൽ. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

ലോറിയുടെ മുന്നിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എൻഫോഴ്സ്മെന്‍റ് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് ഇന്ന് കൈമാറും. ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്.

ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ അമിത വേഗതയില്‍ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നല്‍കിയിരുന്നത്. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button