പത്തനംതിട്ട: നാടിനെയാകെ ഞെട്ടിച്ച അടൂർ വാഹനാപകടത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ്. അനുജയും ഹാഷിമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ഹാഷിമിന്റെ ബന്ധുക്കൾ ആവർത്തിക്കുമ്പോൾ യുവതിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഇയാൾ എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും അതിനിടെ . മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കും. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം.
അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതിൽ ദുരൂഹത മാറണം. അതോ ജീവനൊടുക്കാൻ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇത്തരമൊരു അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതേത്തുടര്‍ന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാന്‍ ഹാഷിം തീരുമാനിച്ചതെന്നാണ് പോലീസിന് വിലയിരുത്തല്‍.
അപകടത്തിന് തൊട്ടുമുന്‍പ് കാര്‍ യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ പിടിവലികള്‍ നടന്നിട്ടുണ്ടാകാനുള്ള സാധ്യത, ദൃക്‌സാക്ഷിയുടെ വിവരണത്തില്‍ കൂടി പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് കാര്യമായ പങ്കില്ല എന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരിക്കും തുടര്‍നടപടികള്‍. രാജസ്ഥാന്‍ സ്വദേശിയായ ലോറി ഡ്രൈവറെ പ്രതിയാക്കിക്കൊണ്ടാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്.
Post Your Comments