കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരം മുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനം വകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി. സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെ.കെ ചന്ദ്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ, വനം വകുപ്പ് വാച്ചർ ആർ. ജോൺസനെതിരെ നടപടി സ്വീകരിച്ചു. നോർത്തേൺ സിസിഎഫ് കെ.എസ് ദീപയാണ് നടപടിയെടുത്തത്.
വയനാട്ടിൽ ആദിവാസികൾക്കായി പതിച്ചു നൽകിയ ഭൂമിയിലാണ് അനധികൃതമായി മരം മുറി നടന്നത്. 20 മരം മുറിക്കാൻ അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരുന്നെങ്കിലും, ഇതിന്റെ മറവിൽ 30 മരം അധികമായി മുറിക്കുകയായിരുന്നു. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങൾ മുറിച്ച് മാറ്റിയത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല എന്നീ മരങ്ങളാണ് മുറിച്ചു മാറ്റിയത്. ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയായിരുന്നെങ്കിലും, ഇവിടെ ഡി നോട്ടിഫിക്കേഷൻ നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് കേസെടുത്തത്.
Post Your Comments