KeralaCinemaMollywoodLatest NewsNewsEntertainment

64 കിലോയില്‍ നിന്നും 44 കിലോയാക്കി, കഞ്ചാവ് ആണെന്ന സംശയത്തില്‍ പൊലീസ് പിടിച്ചു: ആടുജീവിതത്തിലെ ഹക്കീം പറയുന്നു

ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ പ്രശംസകള്‍ കൊണ്ട് മുന്നേറുകയാണ്. പൃഥ്വിരാജ് നജീബ് ആയപ്പോൾ ഗോകുൽ ആണ് മറ്റൊരു കഥാപാത്രമായ ഹക്കീമിനെ അവതരിപ്പിച്ചത്. ആദ്യ ഷെഡ്യൂളില്‍ 64 കിലോ ഭാരമുണ്ടായിരുന്ന ഗോകുല്‍ ബാക്കിയുള്ള ഷെഡ്യൂളിനായി 44 കിലോയോളം ഭാരമാണ് കുറച്ചത്. സിനിമയില്‍ പൃഥ്വിരാജിനൊപ്പം തന്നെ മരുഭൂമിയില്‍ ജീവിച്ച കഥാപാത്രമാണ് ഹക്കീമും. താന്‍ ആടുജീവിതം സിനിമയില്‍ എത്തിയതിനെ കുറിച്ചും ശരീരഭാരം നിയന്ത്രിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗോകുല്‍ ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഗോകുൽ മനസ് തുറന്നത്.

‘ഞാന്‍ 18-ാം വയസില്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് കലാജാഥ എന്നൊരു സംഭവമുണ്ട്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ പോയി പാട്ടും സ്‌കിറ്റും ഡാന്‍സ് ഒക്കെ അവതരിപ്പിക്കും. കോഴിക്കോടുള്ള ശാന്തന്‍ എന്ന നാടകാചാര്യന്റെ കീഴില്‍ ഇതിനായി പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്, നിഷ്‌ക്കളങ്കനായ ഒരു പയ്യനെ വേണമെന്ന് പറഞ്ഞിട്ട് അദ്ദേഹത്തിനൊരു കോള്‍ വരുന്നത്. എന്നോട് ഫോട്ടോ അയച്ചു കൊടുക്കാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിളിച്ചു. ബ്ലെസി സാറിന്റെ ഫ്‌ളാറ്റില്‍ ഓഡിഷന് പോയി. സിനിമയിലെ സ്‌ക്രിപ്റ്റിലെ രംഗം തന്നു അത് ചെയ്തു കാണിച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് സിനിമയിലേക്ക് കോള്‍ വന്നത്.

ആദ്യ ഷെഡ്യൂളിന്റെ സമയത്ത് എന്തുവേണമെങ്കിലും കഴിക്കാം. ഞാന്‍ ഇഷ്ടം പോലെ കഴിച്ചു. തടി കൂട്ടി ഒരു 64 കിലോയിലേക്ക് എത്തിച്ചു. സിനിമയുടെ ലാസ്റ്റ് ഷെഡ്യൂള്‍ ആയപ്പോഴേക്കും അത് മാറി 44.6 കിലോയിലേക്ക് എത്തി. പൃഥ്വിരാജിന്റെ ട്രെയ്‌നര്‍ അജിത്തിന്റെ ഉപദേശങ്ങളൊക്കെ സ്വീകരിച്ചു. ഡയറ്റീഷ്യന്മാരുടെ ഉപദേശത്തോടെ ഡയറ്റ് നോക്കി. 500 കലോറിയില്‍ നിന്ന് 1000 ആയി, പിന്നെ അത് 500 ആയി. പിന്നീട് മൂന്ന് ദിവസം വാട്ടര്‍ ഡയറ്റ് മാത്രം ചെയ്തിരുന്നു, അതായത് മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു. എന്നാല്‍ മൂന്നാം ദിവസം ഞാന്‍ വീണു.

പിന്നെ മുന്തിരി ജ്യൂസ്, റോബസ്റ്റ് അങ്ങനെയുള്ള ചില പഴങ്ങള്‍ മാത്രമാക്കി. ചില ദിവസങ്ങളില്‍ ഹക്കീം മസരയില്‍ കഴിക്കുന്നത് പോലെ കുബ്ബൂസ് വെള്ളത്തില്‍ മുക്കിയും കഴിച്ചു. കാരണം, ഹക്കീം അനുഭവിച്ച കാര്യങ്ങളിലൂടെ ഒരു തരിയെങ്കിലും ഞാനും കടന്നു പോയാലെ ഹക്കീമിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തിനോട് ഞാന്‍ നീതി പുലര്‍ത്തുന്നതായി തോന്നുകയുള്ളു എന്ന് തോന്നി. വീട്ടില്‍ വെച്ചാണ് ഡയറ്റ് ഒക്കെ ചെയ്തത്. ഒരോ ദിവസവും ഞാന്‍ മെലിഞ്ഞു വരുന്നത് കണ്ട് അമ്മ ബ്ലെസി സാറിനെ വിളിച്ചു.

‘എന്റെ മകന്‍ മെലിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത്? എന്തെങ്കിലും ഒന്ന് കഴിക്കാന്‍ പറയുമോ?’ എന്ന്. സാധാരണ ഒരു പയ്യന്‍ മെലിഞ്ഞ് മുടി നീട്ടി താടിയൊക്കെ വളര്‍ത്തിക്കഴിഞ്ഞാല്‍ സ്വാഭാവികമായും നാട്ടുകാര്‍ പറയുക കഞ്ചാവാണ് എന്നാണ്. അങ്ങനെ പറഞ്ഞു നടന്നിട്ടുമുണ്ട്. എന്നെ ഒരു വട്ടം പൊലീസ് പിടിച്ചു. ഹെല്‍മെറ്റില്ലാതെ പോയതിനാണ് പിടിച്ചെതെങ്കിലും, എന്റെ കയ്യില്‍ എന്താണുള്ളത് എന്ന് ചോദിച്ച് എന്നെ പരിശോധിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നീട് സിനിമയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞപ്പോളാണ് അവര്‍ ഓകെയായത്. ബ്ലെസി എന്ന ഫിലിം മേക്കറുടെ വിശ്വാസത്തിലാണ് ഞാന്‍ ഇത്രയും നാളുകള്‍ പിടിച്ച് നിന്നത്’, ഗോകുൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button