ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തിൽ ആദ്യ വഴിത്തിരിവ്. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കർണ്ണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എൻഐഎ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. മുസാവിർ ഷസീബ് ഹുസൈൻ, അബ്ദുൾ മത്തീൻ താഹ തുടങ്ങി മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ ഇപ്പോൾ ഒളിവിലാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത എൻഐഎ, സ്‌ഫോടനം നടത്തിയത് ഷസീബാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
ഹസീബും താഹയും ശിവമോഗയിലെ തീർത്ഥഹള്ളി മേഖലയിൽ 2016 ൽ ആരംഭിച്ച ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളിൻ്റെ സ്ഥാപക അംഗങ്ങളാണെന്ന് പറയപ്പെടുന്നു. ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഐഎസ് റാഡിക്കലൈസേഷൻ കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് താഹ ആദ്യമായി അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടുന്നത്. കർണ്ണാടക,ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങി സംസ്ഥാനങ്ങളിലാണ് രഹസ്യവിവരത്തെ തുടർന്ന് എൻഐഎ തിരച്ചിൽ നടത്തിയത്.
Post Your Comments