കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറല്‍ ബോണ്ട് മാറിയിരിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരില്‍ സിഎഎക്കെതിരായ റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സമ്പന്നരെ അതിസമ്പന്നരാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം ദരിദ്രമായി മാറിയത്.
സുപ്രീംകോടതിയുടെ മുൻപില്‍ ഇലക്ടറല്‍ ബോണ്ടിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി ഹർജി നല്‍കിയത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അതിന്റെ ഭാഗമായാണ് ഇതിനെതിരെ ഒരു ഇടപെടല്‍ വന്നത്. ഇടപെടല്‍ വന്ന ശേഷവും വിവരങ്ങള്‍ മറച്ചുവയ്ക്കാനുള്ള വലിയ ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
വിവരം പുറത്തുവന്നാല്‍ വലിയ പ്രത്യാഘാതം നേരിടുമെന്ന് കേന്ദ്രത്തിനറിയാമായിരുന്നു.ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ ശ്രദ്ധതിരിച്ച് ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ നിലയ്ക്കാണ് നമ്മുടെ രാജ്യം പോകുന്നത്. ഒരു മുഖ്യമന്ത്രി ഇപ്പോള്‍ തടങ്കലില്‍ കഴിയുകയാണ്. തങ്ങള്‍ എന്തും ചെയ്യും എന്ന നിലപാടാണ് ഇവിടെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ഇത് നാം ഗൗരവമായി കാണേണ്ട ഇന്ത്യൻ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments