Latest NewsKeralaNews

തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി: മലപ്പുറത്ത് രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്

മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണകാരണം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയില്‍ ആിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കുട്ടിയെ പിതാവ് ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ മൊഴി നൽകിയിരുന്നു. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

കുഞ്ഞിനെ തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുട്ടിയെ ഫായിസ് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഫോണിലൂടെ സംസാരിക്കുമ്പോള്‍ കുട്ടിയേയും ഉമ്മയെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മരിച്ച കുട്ടിയുടെ ബന്ധു സിറാജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. പീഡനത്തിനെതിരെ ഫായിസിനെതിരെ കേസ് കൊടുത്തിരുന്നു. അതിന് എന്തായാലും അകത്ത് പോകുമെന്ന് ധാരണ വന്നപ്പോള്‍ കേസ് ഒഴിവാക്കണം എന്ന് പറഞ്ഞു വന്നു. കേസ് ഒഴിവാക്കൂലാന്നാണ് ഞങ്ങള്‍ പറഞ്ഞത്. അവരുടെ വീട്ടില്‍ കൊണ്ടുപോയി കഴിഞ്ഞാല്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് വിടാറില്ലായിരുന്നു.

ഞങ്ങള്‍ നോക്കികൊള്ളാം, ഒരു കുഴപ്പവുമിണ്ടാകില്ലെന്നു പറഞ്ഞ്, എന്തോ കാരണം പറഞ്ഞ് അവരെ കൊണ്ടുപോയതാണ്. കൊണ്ടുപോയതിനു ശേഷം എന്നും ഉപദ്രവിക്കുമായിരുന്നു. കുട്ടിയുടെ വിവരം അന്വേഷിക്കാന്‍ വേണ്ടി വീട്ടില്‍ പോയപ്പോള്‍ ശരീരത്തില്‍ പാടുകള്‍ കണ്ടു. കുട്ടിയെ എടുത്ത് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ അവര്‍ വിട്ടില്ല. ഞങ്ങളുടെ കുട്ടിയാണ്, ഞങ്ങള്‍ നോക്കിക്കോളാമെന്ന് പറഞ്ഞു. വിഷയത്തില്‍ പൊലീസില്‍ നേരത്തേയും പരാതി കൊടുത്തിട്ടുണ്ടെന്നും സിറാജ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button