ലക്നൗ: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രകള്‍ കടന്നുപോകുന്ന വഴികളിലെ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടാന്‍ ഉത്തരവിട്ട് അധികൃതര്‍. ഷാജഹാന്‍പൂരിലും ബറേലിയിലും ഹോളിയുടെ ഭാഗമായി ഘോഷയാത്രകള്‍ നടക്കുന്നുണ്ട്. ഈ ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളികള്‍ക്ക് മുകളിലേക്ക് നിറങ്ങള്‍ പുരട്ടുന്നത് തടയാനാണ് ടാര്‍പോളിനും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മൂടാന്‍ നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
സമീപ വര്‍ഷങ്ങളില്‍, മതപരമായ ഘോഷയാത്രകളെ തുടര്‍ന്ന് യു.പിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാനാണ് രണ്ട് നഗരങ്ങളിലെയും അധികാരികള്‍ ഘോഷയാത്ര കടന്നുപോകുന്ന വഴിയുള്ള പള്ളികളോട് കെട്ടിടങ്ങള്‍ മറയ്ക്കാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, വെള്ളിയാഴ്ച ജില്ലയിലെ മതപുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തിയെന്നും സാമുദായിക സൗഹാര്‍ദം തകര്‍ക്കാതിരിക്കാന്‍ പള്ളികള്‍ മൂടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ചന്ദ്രഭന് പറഞ്ഞു. പൊലീസിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പല പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് നര്‍സിങ് ക്ഷേത്രത്തിലേക്ക് മടങ്ങുന്ന ഘോഷയാത്രയെ പൊലീസ് ഉദ്യോഗസ്ഥരും അനുഗമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments