ബെംഗളൂരു: രാമനഗരയില്‍ തടിമില്ലുടമ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ മന്ത്രവാദിയായ കോളേജ് വിദ്യാർഥി അറസ്റ്റില്‍. ബാഗല്‍കോട്ട് സ്വദേശിയും രാജാജിനഗറിലെ സ്വകാര്യകോളേജില്‍ ബി.കോം വിദ്യാർഥിയായ വിഷ്ണു(22)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മന്ത്രവാദിയായ വിഷ്ണു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാലാണ് തടിമില്ലുടമയായ മുത്തുരാജ്(25) ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മാർച്ച് ഒൻപതിനാണ് മുത്തുരാജ് പുഴയില്‍ ചാടി ആത്മഹത്യചെയ്തത്. സഹോദരിഭർത്താവ് ശശികുമാറിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മുത്തുരാജിന് ഒരുഫോണ്‍ വരികയും ഇതിനുപിന്നാലെ വാഹനം നിർത്തി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.
read also: സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം നിരക്കുകൾ
കാറില്‍ യാത്രചെയ്യുന്നതിനിടെ മുത്തുരാജിന് ഒരുഫോണ്‍കോള്‍ വന്നിരുന്നതായി സഹോദരീഭർത്താവ് മൊഴി നല്‍കിയിരുന്നു. എന്താണ് ഫോണ്‍ എടുക്കാത്തതെന്നായിരുന്നു വിളിച്ചയാള്‍ മുത്തുരാജിനോട് ചോദിച്ചത്. ഇനിയും തന്നെ ഉപദ്രവിച്ചാല്‍ താൻ മരിക്കുമെന്നായിരുന്നു മുത്തുരാജ് ഇതിന് മറുപടി നല്‍കിയത്. ഇതിനുപിന്നാലെയാണ് വാഹനം നിർത്തിയശേഷം മുത്തുരാജ് പുഴയില്‍ ചാടി ജീവനൊടുക്കിയതെന്നും ശശികുമാർ മൊഴി നല്‍കി.
മാർച്ച് 18-ന് മുത്തുരാജിന്റെ ഫോണ്‍ പരിശോധിക്കാനായതാണ് ആത്മഹത്യയുടെ യഥാർഥ കാരണം പുറത്തെത്തിച്ചത്. മുത്തുരാജിന്റെ ഫോണില്‍ മന്ത്രവാദിയായ വിഷ്ണു അയച്ച ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി വിഷ്ണുവിനെ പിടികൂടിയത്.
ബാഗല്‍കോട്ട് സ്വദേശിയായ വിഷ്ണു മൂത്തസഹോദരിക്കൊപ്പം രാജാജിനഗറിലാണ് താമസം. ബി.കോം വിദ്യാർഥിയായ ഇയാള്‍ സാമൂഹികമാധ്യമത്തില്‍ മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തി പലരില്‍നിന്നും പണം തട്ടിയിരുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും ഇതിന് പരിഹാരം കാണണമെന്നുമായിരുന്നു മുത്തുരാജ് വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. തുടർന്ന് മുത്തുരാജിനായി പൂജ ചെയ്യാമെന്ന് വിഷ്ണു സമ്മതിച്ചു. പൂജയ്ക്കായി എല്ലാ കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, മുത്തുരാജ് ചിത്രങ്ങള്‍ അയച്ചുനല്‍കിയതിന് പിന്നാലെ ഫോട്ടോകള്‍ മോർഫ് ചെയ്ത് വിഷ്ണു മുത്തുരാജിനെ ഭീഷണിപ്പെടുത്തി. ഭാര്യാമാതാവിനൊപ്പം മുത്തുരാജിന്റെ ഫോട്ടോ ചേർത്ത് വ്യാജചിത്രങ്ങള്‍ നിർമിച്ചാണ് പ്രതി ഭീഷണിമുഴക്കിയത്. 25,000 രൂപ നല്‍കിയില്ലെങ്കില്‍ ഭാര്യാമാതാവുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. ഇതാണ് മുത്തുരാജിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു.
Post Your Comments