പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഇക്കുറി അനുമതി നിഷേധിച്ചു. വെടിക്കെട്ട് നടത്താൻ ക്ഷേത്ര കമ്മിറ്റി അപേക്ഷ നൽകിയിരുന്നു. എന്നാൽ, അപേക്ഷ നിരസിച്ച് ജില്ലാ മജിസ്ട്രേറ്റ് സി.ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അപേക്ഷ തള്ളിയത്. വെടിക്കെട്ട് നടത്തുമ്പോൾ ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസെസ്മെന്റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ അനിവാര്യമാണ്. എന്നാൽ, ക്ഷേത്ര കമ്മിറ്റി ഇവ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
വെടിക്കെട്ട് നടന്നതിന്റെ രണ്ട് മാസം മുൻപാണ് അനുമതിക്ക് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്താൻ ആവശ്യമായ സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാനുള്ള മറ്റൊരു കാരണം. വെടിക്കെട്ട് നടത്താൻ അനുമതി തേടി ഇന്ന് ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുന്നതാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിൽ ഒന്നാണ് നെന്മാറ ക്ഷേത്രത്തിലേത്. നെന്മാറ വല്ലങ്ങി വേലയ്ക്ക് പുറമേ, തെന്നാലിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടുണ്ട്.
Also Read: കാസർഗോഡ് അടച്ചിട്ട വീട്ടിൽ നിന്നും പിടിച്ചെടുത്തത് 7 കോടിയുടെ 2000 ത്തിന്റെ പിൻവലിച്ച നോട്ടുകള്‍
Post Your Comments